നെടുമ്പാശേരി
ഹജ്ജ് പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകർ വ്യോമയാനക്കമ്പനിയുടെ അനാസ്ഥമൂലം വലയുന്നു. ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്തിട്ടും ലഗേജുകൾ കൃത്യമായി എത്തിച്ചുനൽകുന്നില്ലെന്നാണ് പരാതി. സൗദി എയർലൈൻസ് വിമാനങ്ങളാണ് വൈകുന്നത്. ഷെഡ്യൂൾ ചെയ്ത സമയത്തേക്കാളും മണിക്കൂറുകൾ വൈകിയാണ് ഹജ്ജ് വിമാനങ്ങൾ നെടുമ്പാശേരിയിൽ എത്തുന്നത്. ഇത് ഹാജിമാർക്കും അവരെ സ്വീകരിക്കാനെത്തുന്ന ബന്ധുക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി സൗദി എയർലൈൻസിന്റെ അഞ്ച് വിമാനങ്ങളാണ് ജിദ്ദയിൽനിന്ന് നെടുമ്പാശേരിയിൽ എത്തിയത്. ആദ്യ രണ്ട് വിമാനങ്ങളും സമയക്രമം പാലിച്ചു. പിന്നീടുവന്ന മൂന്ന് വിമാനങ്ങളും രണ്ട് മണിക്കൂറിലേറെ വൈകി. ശനി വൈകിട്ട് 5.15ന് എത്തേണ്ട വിമാനം 6.30നും ഞായർ വൈകിട്ട് 4.30ന് എത്തേണ്ട വിമാനം 6.15നും രാത്രി 7.40ന് എത്തേണ്ട വിമാനം 9.58നുമാണ് എത്തിയത്. 9.58ന് എത്തിയ വിമാനത്തിലെ ഇരുനൂറ്റമ്പതോളം ഹാജിമാരുടെ ലഗേജുകളും ലഭ്യമായിട്ടില്ല.
വിമാനം തുടർച്ചയായി വൈകാൻ കാരണം വ്യക്തമല്ല. ശനിയാഴ്ച എത്തിയ നൂറോളം ഹാജിമാരുടെ ലഗേജുകൾ ലഭിച്ചില്ല. ഇവ ഞായറാഴ്ച എത്തിച്ചുനൽകി. സാധാരണ യാത്രാവിമാനത്തിലെ യാത്രക്കാരുടെ ലഗേജ് ഹജ്ജ് വിമാനത്തിൽ കയറ്റിക്കൊണ്ടുവന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം.