ന്യൂഡൽഹി
പെഗാസസ് ചാരസോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള വിവരംചോർത്തൽ അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി ജൂലൈ അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര, സംസ്ഥാന ഏജൻസികൾ പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമാണ് സുപ്രീംകോടതി മുൻ ജഡ്ജി ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതി പരിശോധിച്ചത്.
ചോർത്തലിന് ഇരയായവരുടെയും സാങ്കേതിക വിദഗ്ധരുടെയും എംപിമാരുടെയും മൊഴികളെടുത്തു. എട്ടു മാസത്തിനിടെ 29 സ്മാർട്ട് ഫോൺ പരിശോധിച്ചു. വിവിധ മന്ത്രാലയങ്ങളുമായും കേന്ദ്ര ഏജൻസികളുമായും സമിതി ചർച്ച നടത്തി. ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ഏജൻസികളുടെ മേധാവികൾ, ദേശീയസുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ് ജീവനക്കാർ തുടങ്ങിയവരുടെ മൊഴികളും എടുക്കണം.