കൽപ്പറ്റ
വയനാട്ടിൽ കെ ഫോൺ പ്രവർത്തനം തുടങ്ങി. കണിയാമ്പറ്റ മില്ലുമുക്കിലെ വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസാണ് സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ ഇന്റർനെറ്റിൽ പ്രവർത്തിക്കുന്നത്. അഞ്ച് കംപ്യൂട്ടറുകളിലാണ് നെറ്റ്വർക്കുള്ളത്. ഓഫീസ് പ്രവർത്തനങ്ങൾ മുഴുവൻ ഇതിൽ ചെയ്യാൻ കഴിയുന്നതായി അസിസ്റ്റന്റ് എൻജിനിയർ പി ഡി രാജേഷ് പറഞ്ഞു.
വിദ്യാലയങ്ങൾ ഉൾപ്പെടെ കണിയാമ്പറ്റയിലെ മറ്റ് 32 സ്ഥാപനങ്ങളിൽക്കൂടി ഇന്റർനെറ്റ് നൽകി. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ കണക്ഷൻ നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 66 സ്ഥാപനങ്ങളിൽ ഡാറ്റ നൽകും. സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി 237 സ്ഥാപനങ്ങളിലാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത്. രണ്ടാം ഘട്ടത്തിൽ മീനങ്ങാടി, അമ്പലവയൽ, ബത്തേരി, പടിഞ്ഞാറത്തറ, പുൽപ്പള്ളി, മാനന്തവാടി, പനമരം തുടങ്ങിയ പ്രദേശങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കും.
ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുന്നതിന്റെ രണ്ടാംഘട്ടം ജില്ലയിൽ 60 ശതമാനമായി. 788 കിലോമീറ്ററാണ് കേബിളിടുന്നത്. ഇതിൽ 400 കിലോമീറ്റർ പൂർത്തിയായി.