തിരുവനന്തപുരം
കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിൽ കോഡുകളുടെ നിയമപരിധിയിൽനിന്നുകൊണ്ട് തൊഴിലാളി താൽപ്പര്യത്തിന് മുൻഗണന നൽകുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ഓരോ കോഡും സമഗ്രമായി അപഗ്രഥിക്കുന്നതിന് സംസ്ഥാനത്തെ തൊഴിലാളി, തൊഴിലുടമാ പ്രതിനിധികളുടെയും തൊഴിൽ നിയമ വിദഗ്ധരുടെയും പ്രത്യേക യോഗം ചേരുമെന്നും ടി പി രാമകൃഷ്ണന്റെ ശ്രദ്ധ ക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
സംസ്ഥാനത്തെ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം നിലനിർത്താൻ സംതൃപ്തരായ തൊഴിലാളികളും തൊഴിലുടമകളുടെ ന്യായമായ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്നതും ഉറപ്പാക്കേണ്ടതുണ്ട്. തൊഴിൽ കോഡുകളിൽ തൊഴിലാളിവിരുദ്ധ വ്യവസ്ഥകൾ പരമാവധി ലഘൂകരിക്കുന്നതിന് സംസ്ഥാന ചട്ടങ്ങളിൽ വ്യവസ്ഥ ഉറപ്പാക്കാനാണ് ശ്രമം. ഇതിനായി തൊഴിലാളി, തൊഴിലുടമാ പ്രതിനിധികളുടെയും തൊഴിൽ നിയമ വിദഗ്ധരുടെയും ശിൽപ്പശാലകൾ കിലെയും തൊഴിൽവകുപ്പും സംഘടിപ്പിച്ചു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളിൽ ചിലത് ലംഘിക്കപ്പെടുന്ന രീതിയിലാണ് തൊഴിൽ കോഡുകളുടെ നിർമിതി. കോഡുകളിൽ പാർലമെന്റിന്റെ ലേബർ സ്റ്റാൻഡിങ് കമ്മിറ്റി കേരള സർക്കാരിന്റെ അഭിപ്രായം ചോദിച്ചിരുന്നു. തൊഴിലാളി താൽപ്പര്യം മുൻനിർത്തിയുള്ള നിർദേശങ്ങളാണ് സംസ്ഥാനം നൽകിയതെന്നും മന്ത്രി പറഞ്ഞു.