തിരുവനന്തപുരം-
സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോ മീറ്റർവരെ പരിസ്ഥിതി ലോലമേഖല ആകാമെന്നത് സംബന്ധിച്ച 2019ലെ സംസ്ഥാന സർക്കാരിന്റെ തീരുമാനം ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. എന്നാൽ, ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയത്തിൽ ഉൾപ്പെടുത്തില്ല.
പരിസ്ഥിതിലോല മേഖലയിൽ ചുവന്ന പട്ടികയിലുള്ള വ്യവസായങ്ങൾ, വലിയ ഖനനപ്രവർത്തനങ്ങൾ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല. ഈ മേഖലയിൽ ചൂഷണം പാടില്ലെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്ര സർക്കാർ ബഫർ സോണായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ പ്രത്യേകത അനുസരിച്ച് എല്ലായിടത്തും ബഫർ സോൺ സാധ്യമല്ല. ആ സാഹചര്യത്തിലാണ് മാറ്റം ആവശ്യപ്പെടുന്നത്.
എറണാകുളം നഗരമധ്യത്തിലെ മംഗളവനത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലമേഖലയായി മാറിയാലുള്ള നഗരത്തിന്റെ തുടർവികസനം സംബന്ധിച്ച ആശങ്ക ശരിയാണ്. ഇത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. അട്ടപ്പാടിയിലെ ഭവാനി വന്യജീവി സങ്കേതം സംബന്ധിച്ച വിജ്ഞാപനം ഇല്ലാതാക്കാൻ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യും. വനശോഷണവും വിദേശ സസ്യങ്ങളുടെ വളർച്ചയും കാട്ടാന ഉൾപ്പെടെ വന്യജീവികൾ നാട്ടിലേക്കെത്തുന്നതിന് കാരണമാകുന്നുണ്ട്. അതിനു പരിഹാരമായി വനഭൂമികൾ ശക്തിപ്പെടുത്തുകയും തടയണ കെട്ടി കുടിവെള്ളമുൾപ്പെടെ ലഭ്യമാക്കി ആവാസവ്യവസ്ഥയെ നിലനിർത്തുകയും ചെയ്യും.ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിച്ച 620 കോടി രൂപയുടെ അഞ്ചു വർഷത്തേക്കുള്ള ബൃഹദ് പദ്ധതിയിൽ വന്യമൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യമായ പ്ലാവ്, മാവ് തുടങ്ങിയ തദ്ദേശീയ വൃക്ഷങ്ങൾ വനങ്ങളിൽ വച്ചുപിടിപ്പിക്കും.പ്രത്യേക മേഖലകളിൽ പ്രത്യേക കൃഷി എന്നത് ഇപ്പോൾ പ്രായോഗികമല്ല. പിഡബ്ല്യുഡി റോഡിന്റെ വശത്തുള്ള മരങ്ങൾ മുറിച്ചു മാറ്റാനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകുന്നത് നിലവിലെ നിയമമനുസരിച്ച് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു. 55 ഹെക്ടർ വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു
ഈ സർക്കാരിന്റെ കാലത്ത് 13.55 ഹെക്ടർ വനഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോടതി നിർദേശം നിലവിലുള്ളതിനാൽ ചില പ്രദേശങ്ങളിൽ സർവേയും അതിർത്തി പുനർനിർണയവും കൈയേറ്റം ഒഴിപ്പിക്കലും ബന്ധപ്പെട്ട കേസുകളുടെ അന്തിമ വിധിക്കുശേഷമേ സാധിക്കൂവെന്നും -അദ്ദേഹം പറഞ്ഞു.