ന്യൂഡൽഹി
പിഎം കെയേഴ്സ് ഫണ്ട് പൊതുഫണ്ടായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ വിശദാംശങ്ങളില്ലാതെ ഒറ്റ പേജ് സത്യവാങ്മൂലം നൽകിയ പ്രധാനമന്ത്രി കാര്യാലയത്തിന്റെ നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് ഡൽഹി ഹൈക്കോടതി. സുപ്രധാന വിഷയമാണ് ഇതെന്നും ഹർജിക്കാരനായ സമ്യക് ഗാങ് വാൾ ഉന്നയിച്ച ആശങ്കകൾക്ക് കൃത്യമായ വിശദീകരണം നൽകണമെന്നും ജസ്റ്റിസുമാരായ സതീഷ്ചന്ദ്ര ശർമ, സുബ്രഹ്മണ്യം പ്രസാദ് എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചു.
പിഎം കെയേഴ്സ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരുകളുടെയോ നിയന്ത്രണത്തിൽ അല്ലെന്നാണ് പ്രധാനമന്ത്രി കാര്യാലയം അണ്ടർ സെക്രട്ടറി ഫയൽ ചെയ്ത സത്യവാങ്മൂലത്തിലെ അവകാശവാദം. പൊതുഫണ്ടായി പ്രഖ്യാപിച്ചാൽ കാലാനുസൃതമായി ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്തുവിടണം. ലഭിച്ച സംഭാവനകൾ എത്രയെന്നും എങ്ങനെ ചെലവിട്ടെന്നും വിശദീകരിക്കണം. പിഎം കെയേഴ്സ് ഫണ്ട് പൊതുഫണ്ട് അല്ലെങ്കിൽ ആ വസ്തുത ജനങ്ങളെ അറിയിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
പൊതുഫണ്ട് അല്ലെങ്കിൽ പരസ്യങ്ങൾ, രേഖകൾ തുടങ്ങിയവയിൽ ‘പിഎം’ എന്ന പദവിയോ ദേശീയ ചിഹ്നമോ ഉപയോഗിക്കരുത്. പ്രധാനമന്ത്രി ഓഫീസ് ഔദ്യോഗിക മേൽവിലാസമായി നൽകാൻ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. എല്ലാ ആരോപണങ്ങൾക്കും കൃത്യമായ വിശദീകരണങ്ങളുള്ള സമഗ്രമായ സത്യവാങ്മൂലം നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്ന്- കോടതി നിർദേശം നൽകി. സെപ്തംബർ 16ന് കേസിൽ വാദംകേൾക്കും.