ന്യൂഡൽഹി
ശിവസേനയിലെ പിളർപ്പിന് പിന്നാലെ കോൺഗ്രസും എൻസിപിയുംകൂടി ഉൾപ്പെട്ട മഹാവികാസ് സഖ്യത്തിലും (എംവിഎ) വിള്ളൽ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ ശിവസേന. സഖ്യകക്ഷികളായ കോൺഗ്രസിന്റെയും എൻസിപിയുടെയും നിലപാട് ശിവസേന തള്ളി.
ശിവസേനയുടെ കോർകമ്മിറ്റി യോഗമാണ് മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇത് ബിജെപിക്കുള്ള പിന്തുണയല്ലെന്നും ആദിവാസി സ്ത്രീയെന്ന നിലയിലാണ് നടപടിയെന്നും ശിവസേന വക്താവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ പിന്തുണയും മുർമുവിനാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേന നിലപാട് മാറ്റിയതോടെയാണ് മഹാരാഷ്ട്ര നഗരങ്ങളുടെ പേരുമാറ്റൽ വിഷയത്തിൽ വിമർശവുമായി എൻസിപി അധ്യക്ഷൻ ശരത് പവാർ രംഗത്തെത്തി. സഖ്യസർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് ഔറംഗാബാദിന്റെ പേര് സാംബാജിനഗറെന്നും ഉസ്മാനാബാദിന്റെ പേര് ദാരാശിവ് എന്നും തിരുത്തിയത്. കോൺഗ്രസ്, എൻസിപി മന്ത്രിമാരും കാബിനറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു.