ന്യൂഡൽഹി
കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പിസിസി അധ്യക്ഷനെച്ചൊല്ലി കോൺഗ്രസിൽ കലാപം. തമ്മിലടിക്കുന്ന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് സോണിയ. എട്ടുവർഷം പിസിസി അധ്യക്ഷനായിരുന്ന ഗുലാം അഹമ്മദ് മിറിനെ തെറിപ്പിച്ച ആസാദ് പക്ഷം എന്തുവിലകൊടുത്തും അധ്യക്ഷപദം പിടിക്കാനുള്ള പോരാട്ടത്തിലാണ്.
ഗുലാം നബിയെ ഹൈക്കമാൻഡ് അവഗണിക്കുന്നതിലും പ്രതിഷേധമുണ്ട്. ഗുലാംനബിയെ അനുകൂലിക്കുന്ന മുതിർന്ന നേതാക്കളായ ജി എം സറൂരി, ഡോ. മനോഹർലാൽ ശർമ, ജുഗൽ കിഷോർ ശർമ, ഇനായത് അലി, വികാർ റസൂൽ തുടങ്ങിയ നേതാക്കൾ സ്ഥാനങ്ങൾ രാജിവച്ചതോടെയാണ് മിർ സ്ഥാനമൊഴിഞ്ഞത്.
നേതാക്കളുടെ പരാതി പോലും കേൾക്കാൻ തയ്യാറാകാത്ത മിർ തങ്ങളെ ഒതുക്കുന്നുവെന്നാരോപിച്ചായിരുന്നു കൂട്ടരാജി. പിന്നാലെ താരതമ്യേന ജൂനിയറായ മറ്റൊരു നേതാവിനെ പിസിസി അധ്യക്ഷനാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചെങ്കിലും അംഗീകരിക്കില്ലെന്ന് ജി എം സറൂരി അടക്കമുള്ളവർ തുറന്നടിച്ചു.
ജി എം സറൂരിക്ക് പുറമെ വികാരർ റസൂൽ, പീർസാദ സയീദ്, ജി എൻ മോഗ എന്നിവരാണ് പിസിസി അധ്യക്ഷസ്ഥാനം നോട്ടമിട്ടിരിക്കുന്നത്. വികാരർ റസൂലിനാണ് കൂടുതൽ സാധ്യത. ഈ മാസം അവസാനത്തോടെ കരട് വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കും.