ന്യൂഡൽഹി
ഗോവയിൽ എംഎൽഎമാരുടെ കൂറുമാറ്റം തൽക്കാലത്തേക്ക് തടയാനായെങ്കിലും കോൺഗ്രസിലെ പ്രതിസന്ധിക്ക് അയവില്ല. മുതിർന്ന നേതാക്കളായ ദിഗംബർ കാമത്തും മൈക്കൽ ലോബോയും ഇടഞ്ഞുതന്നെ.എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ മുൻ മുഖ്യമന്ത്രി കൂടിയായ കാമത്ത് പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ യോഗത്തിനെത്തിയെങ്കിലും കാമത്തിനെയും തന്നെയും അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്ത് നൽകിയതിലുള്ള വിയോജിപ്പ് പ്രകടമാക്കി.
ഗോവയിൽ 11 എംഎൽഎമാരാണ് കോൺഗ്രസിന്. കൂറുമാറ്റനിരോധന നിയമത്തെ മറികടക്കാൻ എട്ട് എംഎൽഎമാരെങ്കിലും പാർടി വിടേണ്ടിയിരുന്നു. ആറ് എംഎൽഎമാരാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്തത്. രണ്ട് പേരെക്കൂടി അടർത്തിമാറ്റാൻ ബിജെപി ശ്രമിച്ചെങ്കിലും എഐസിസി പ്രതിനിധി ദിനേശ് ഗുണ്ടുറാവു അടക്കമുള്ള നേതാക്കൾ ഇടപെട്ട് വിഫലമാക്കി.