ന്യൂഡൽഹി
ദേശീയപാതയോരത്ത് ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾ അടപ്പിക്കേണ്ട പണി തങ്ങളുടേതല്ലെന്ന് സുപ്രീംകോടതി. മദ്യശാല അടപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഹൈക്കോടതികൾക്ക് കഴിവുണ്ടെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
എറണാകുളം വൈറ്റില എൻഎച്ച് ബൈപാസിലെ മദ്യവിൽപ്പനശാല നീക്കാൻ നിർദേശിക്കണമെന്ന ഹർജി തള്ളിയാണ് നിരീക്ഷണം. ഇതേ ആവശ്യം ഉന്നയിച്ച് ടി എൻ പ്രതാപൻ എംപി നൽകിയ ഹർജി നേരത്തേ കേരള ഹൈക്കോടതി തള്ളിയിരുന്നു.