കൊളംബോ
പൊറുതിമുട്ടിയ ജനം കൊട്ടാരം പിടിച്ചെടുക്കാന്‍ ഇരമ്പിയെത്തവെ ഒളിച്ചോടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെ രാജ്യംവിടാനുള്ള തത്രപ്പാടില്‍. നടുക്കടലില്‍ നാവികസേനയുടെ ഒളിത്താവളത്തില്‍ നിന്നും ഗോതബായയും കുടുംബവും അതീവരഹസ്യമായി രണ്ട് കോപ്റ്ററില്‍ തിങ്കളാഴ്ച ബന്ദാരനായികെ വിമാനത്താവളത്തിന് സമീപമുള്ള കടുനായികെ വ്യോമകേന്ദ്രത്തിലെത്തിയെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍. ദുബായിലേക്ക് കടക്കാനാണ് നീക്കം. ബുധനാഴ്ച രാജിവയ്ക്കാമെന്ന് ഗോതബായ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ഔ ദ്യോഗികമായി അറിയിച്ചു. എന്നാൽ, ശ്രീലങ്കൻ നിയമപ്രകാരം പ്രസിഡന്റ് രാജിവയ്ക്കണമെങ്കിൽ ഇക്കാര്യം സ്പീക്കറെ കത്തിലൂടെ അറിയിക്കണം. പ്രസിഡന്റ് ഔദ്യോഗികമായി രാജിവച്ചാൽ മാത്രമേ കൊട്ടാരംവിടൂ എന്ന നിലപാടിലാണ് പ്രക്ഷോഭകർ.
പാർലമെന്റ് വെള്ളിയാഴ്ച ചേരുമെന്നും 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുമെന്നും സ്പീക്കർ മഹിന്ദ അബെയ്വർധന അറിയിച്ചു. രണ്ടുവർഷത്തേക്കാകും നിയമനം. പ്രതിപക്ഷ പാർടികൾ പുതിയ സർക്കാർ രൂപീകരിക്കാൻ തീവ്രശ്രമത്തില്‍. സർക്കാരിനെ നയിക്കാൻ തയ്യാറെന്നും പാർലമെന്റിൽ ഇതിനെ എതിർക്കുന്നവരെ ചതിയന്മാരായി കണക്കാക്കുമെന്നും പ്രധാന പ്രതിപക്ഷ പാർടിയായ സമഗി ജന ബലവേഗയ (എസ്ജെബി) അറിയിച്ചു. ഭരണപാര്‍ടിയായ എസ്എൽപിപിയിലെ ഗോതബായ വിരുദ്ധരുടെ പിന്തുണ പുതിയ സർക്കാരിനുണ്ടാകുമെന്നും എസ്ജെബി നേതാവ് സജിത് പ്രേമദാസ പറഞ്ഞു. 1993ൽ എൽടിടിഇ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് സജിത്. പുതിയ പ്രധാനമന്ത്രിയായി രജപക്സെ അനുകൂലിയായ മുൻ മന്ത്രി ഡല്ലാസ് അഴകപ്പെരുമയുടെ പേരും പരിഗണിക്കപ്പെടുന്നു. പുതിയ സർക്കാർ വന്നാലുടന്‍ രാജിവയ്ക്കുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചു.
മൂന്നാം ദിനവും ആയിരങ്ങൾ പ്രസിഡന്റിന്റെ കൊട്ടാരം കാണാൻ വരിനിൽക്കുകയാണ്. സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധി നേരിടുന്ന രാജ്യത്ത് മാസങ്ങളായി ജനങ്ങൾ പ്രതിഷേധവുമായി തെരുവിലാണ്.