ന്യൂഡൽഹി
ഇപിഎഫ് ആനുകൂല്യങ്ങൾക്കുള്ള ശമ്പളപരിധി 21,000 രൂപയായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. സർക്കാർ നിയോഗിച്ച ഉന്നതതല സമിതി, പിഎഫ് ശമ്പളപരിധി നിലവിലെ 15,000 രൂപയിൽനിന്ന് 21,000 രൂപയിലേക്ക് ഉയർത്താൻ ഏപ്രിലിൽ ശുപാർശ ചെയ്തിരുന്നു.
കോവിഡ് അടച്ചിടൽ സൃഷ്ടിച്ച പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ശമ്പളപരിധി വർധിപ്പിക്കൽ സാവകാശം മതിയെന്നും സമിതി നിർദേശിച്ചിരുന്നു.
ശമ്പളപരിധി വർധിപ്പിച്ചാൽ 75 ലക്ഷം പേർകൂടി പിഎഫ് ആനുകൂല്യത്തിന്റെ പരിധിയിൽവരും. നിലവിൽ 6.8 കോടി പേരാണ് പിഎഫ് ഗുണഭോക്താക്കള്.
പിഎഫ് ശമ്പളപരിധി 15,000 ആയി വർധിപ്പിച്ചത് 2014 ലായിരുന്നു. 1952ൽ പിഎഫ് നിലവിൽ വന്നശേഷം ഒമ്പതുവട്ടമാണ് ശമ്പളപരിധി വർധിപ്പിച്ചത്. ജീവനക്കാർക്കുള്ള ചികിൽസാ ആനുകൂല്യ പദ്ധതിയായ ഇഎസ്ഐയുടെ ശമ്പളപരിധി നിലവിൽ 21,000 രൂപയാണ്. ഇഎസ്ഐക്ക് തുല്യമായി പിഎഫ് വേതനപരിധിയും വർധിപ്പിക്കണമെന്ന് ട്രേഡ്യൂണിയനുകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ശമ്പളപരിധി വർധിപ്പിക്കുന്നതിന് പിഎഫ് ട്രസ്റ്റി ബോർഡിന്റെ അനുമതി ആവശ്യമാണ്. 29നും 30നും ട്രസ്റ്റി ബോർഡ് യോഗം ചേരുന്നുണ്ട്.
പിഎഫ് പെൻഷൻകാർക്ക് ഒരേസമയം പെൻഷൻ ലഭ്യമാകാൻ വഴിയൊരുക്കുന്ന കേന്ദ്രീകൃത സംവിധാനത്തിന് ബോർഡ് യോഗം അംഗീകാരം നൽകിയേക്കും. നിലവിൽ 138 റീജ്യണൽ ഓഫീസുവഴി പല സമയത്താണ് പെൻഷൻ വിതരണം. കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനമെന്ന നിർദേശം ട്രസ്റ്റി ബോർഡ് യോഗത്തിൽ അവതരിപ്പിക്കുമെന്ന് തൊഴിൽ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഇപിഎഫ് പെൻഷൻ കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി
ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷന് വഴിയൊരുക്കിയ കേരള ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
ഒരുവർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷമാണ് ജസ്റ്റിസുമാരായ യു യു ലളിത്, അജയ് റസ്തോഗി എന്നിവർ അംഗങ്ങളായ ബെഞ്ച് വാദംകേൾക്കുന്നത്. 2021 ആഗസ്ത് 24നാണ് ഇതിന് മുമ്പ് വാദംകേട്ടത്.
ഹൈക്കോടതി വിധിക്ക് എതിരെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) കേന്ദ്രതൊഴിൽ മന്ത്രാലയവും സമർപ്പിച്ച പ്രത്യേകാനുമതി ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. സർക്കാർ നിലപാടിനെതിരെ രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകളും തൊഴിലാളികളും കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ വാദങ്ങൾകൂടി കേട്ടശേഷമേ കോടതി അന്തിമവിധി പുറപ്പെടുവിക്കാൻ പാടുള്ളൂവെന്നാണ് ഇവരുടെ ആവശ്യം.