ന്യൂഡൽഹി
ഗോവയിൽ കോൺഗ്രസിലെ സംഘടനാപ്രതിസന്ധി രൂക്ഷമായി തുടരുന്നു. ബിജെപിയുമായി സഹകരിക്കുന്ന പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയെയും മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിനെയും അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകി. അയോഗ്യതയ്ക്കുള്ള കാരണങ്ങൾ അറിയിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. അതേസമയം, കൂറുമാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്ന് ലോബോയും കാമത്തും അവകാശപ്പെട്ടു. കൂറുമാറ്റം തടയാനായി മുതിർന്ന നേതാവ് മുകുൾ വാസ്നിക് തിങ്കളാഴ്ച ഗോവയിലെത്തി.
ഗോവയിലെ 11 കോൺഗ്രസ് എംഎൽഎമാരിൽ ആറുപേർ ബിജെപിയിലേക്ക് ചേക്കേറാൻ തയ്യാറായതായാണ് റിപ്പോർട്ടുകൾ. ഞായറും തിങ്കളും കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചെങ്കിലും അഞ്ചുപേർമാത്രമാണ് പങ്കെടുത്തത്. ആറ് എംഎൽഎമാർ ഇപ്പോഴും കോൺഗ്രസിൽത്തന്നെയുണ്ടെന്ന് പിസിസി പ്രസിഡന്റ് അമിത് പത്കാർ അറിയിച്ചു. എഐസിസി ചുമതലക്കാരനായ ദിനേശ് ഗുണ്ടുറാവുവും സംസ്ഥാന നേതാക്കളും വിളിച്ച വാർത്താസമ്മേളനത്തിൽ അഞ്ച് എംഎൽഎമാർ പങ്കെടുത്തു. ബിജെപിയുമായി ഒത്തുചേർന്ന് കോൺഗ്രസിനെ പിളർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കി. ലോബോയുടെ ഭാര്യയും എംഎൽഎയുമായ ദെലീലാ ലോബോ തിങ്കളാഴ്ച മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, മണ്ഡലത്തിലെ നാശനഷ്ടങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ പോയതാണെന്ന് ലോബോ അവകാശപ്പെട്ടു. പ്രതിപക്ഷനേതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും ലോബോ പറഞ്ഞു. നേരത്തേ ബിജെപിയിലായിരുന്ന ലോബോയും ഭാര്യയും നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് കോൺഗ്രസിൽ ചേർന്നത്.
കൂറുമാറ്റനിരോധന നിയമം മറികടക്കാൻ കോൺഗ്രസ് വിമതർക്ക് എട്ട് എംഎൽഎമാരെ ആവശ്യമാണ്. നിലവിൽ ആറുപേരെ മാത്രമാണ് കൂടെനിർത്താനായത്. കൂറുമാറുന്ന എംഎൽഎമാർക്ക് നാൽപ്പത് കോടിയാണ് ബിജെപിയുടെ വാഗ്ദാനമെന്ന് കോൺഗ്രസ് നേതാവ് ഗിരീഷ് ചൊദങ്കർ പറഞ്ഞു.