ന്യൂഡൽഹി
മഹാരാഷ്ട്രയിൽ 53 ശിവസേനാ എംഎൽഎമാർക്ക് നൽകിയ അയോഗ്യതാ നോട്ടീസുകളിൽ തൽക്കാലം തുടർനടപടി സ്വീകരിക്കേണ്ടെന്ന് സുപ്രീംകോടതി. ഉദ്ധവ്താക്കറേ പക്ഷത്തെ നേതാവും മുൻ ചീഫ്വിപ്പുമായ സുനിൽപ്രഭു ഉൾപ്പെടെയുള്ളവരുടെ ഹർജികളിലാണ് ചീഫ്ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
മഹാരാഷ്ട്രയിലെ അധികാരത്തർക്കത്തില്‍ ഉദ്ധവ്പക്ഷവും ഏകനാഥ്ഷിൻഡെ പക്ഷവും നൽകിയ നിരവധി ഹർജികൾ സുപ്രീംകോടതി പരിഗണനയിലുണ്ട്. ഹർജികളിലെ അന്തിമ ഉത്തരവിനുമുമ്പ് യോഗ്യതാവിഷയത്തിൽ സ്പീക്കർ തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്ന് ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽസിബൽ വാദിച്ചു. ഹർജികളിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ അയോഗ്യതാ വിഷയത്തിൽ സ്പീക്കർ തീരുമാനമെടുക്കരുതെന്നും വിഷയം പരിഗണിക്കാൻ പുതുതായി ബെഞ്ച് രൂപീകരിക്കാൻ സമയം വേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്പീക്കർ തെരഞ്ഞെടുപ്പിലും വിശ്വാസ വോട്ടെടുപ്പിലും ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ വ്യത്യസ്ത വിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. വിപ്പ് അനുസരിക്കാത്ത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപക്ഷവും പരാതി നൽകി. ഇതിന്റെ പേരില്‍ 55 ശിവസേന എംഎൽഎമാരിൽ 53 പേർക്കും അയോഗ്യതാ നോട്ടീസ് അയച്ചു..