തിരുവനന്തപുരം
നേമത്തെ കോച്ചിങ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2011––12-ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയാണ് ഇത്. 2019-ൽ കേന്ദ്ര റെയിൽ മന്ത്രി തറക്കല്ലിട്ടു. അന്ന് പദ്ധതിയുടെ പ്രാധാന്യം കേന്ദ്രമന്ത്രി എടുത്തുപറഞ്ഞിരുന്നു. കോച്ചുകളുടെ അറ്റകുറ്റപ്പണി പൂർണമായി ഇങ്ങോട്ടു മാറ്റുമെന്ന വാഗ്ദാനവുമുണ്ടായി.
പദ്ധതി ഉപേക്ഷിച്ചതോടെ ഭൂമി വിട്ടുനൽകിയവരും ബുദ്ധിമുട്ടിലായി. കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുതിയ ഊർജമാകുന്ന പദ്ധതിയാണ് ഇല്ലാതാക്കുന്നത്. തീരുമാനം തിരുത്തി പദ്ധതി സ്ഥാപിക്കാനാവശ്യമായ നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
വിമാന യാത്രനിരക്ക്
വർധനയിൽ ഇടപെടണം
വിമാന യാത്രനിരക്ക് കുത്തനെ വർധിപ്പിക്കുന്ന നടപടിയിൽ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നിരക്ക് വർധന പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആഭ്യന്തര സർവീസുകൾക്കും അന്താരാഷ്ട്ര സർവീസുകൾക്കും കോവിഡ് മഹാമാരിക്കാലത്തിനുമുമ്പ് ഉള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.
കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിതക്കയത്തിൽനിന്ന് കരകയറുന്ന സമൂഹത്തിന് നിരക്ക് വർധന വലിയ തിരിച്ചടിയാണ്. അതിനാൽ, വിമാന യാത്രനിരക്ക് വർധന ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.