തിരുവനന്തപുരം
എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞയാളെ കണ്ടെത്താനായി പൊലീസ് വ്യാപക പരിശോധന തുടരുന്നു. അക്രമി തിരികെപ്പോയ വഴികൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ച പരിശോധന നടത്തിയത്. പ്രദേശത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടങ്ങി. പൊലീസ് നടത്തിയ പരിശോധനയിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ ഞായറാഴ്ച ചോദ്യം ചെയ്തു. ഇയാളുടെ മറുപടിയിൽ വൈരുധ്യം കണ്ടെത്തിയതിനാൽ വിശദമായി ചോദ്യം ചെയ്യുകയാണ്.
അതേസമയം, എകെജി സെന്റർ ആക്രമിക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതി ഒറ്റയ്ക്കല്ല കൃത്യം നിർവഹിച്ചതെന്ന് കഴിഞ്ഞ ദിവസം പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതിക്ക് ബോംബ് മറ്റൊരാൾ കൈമാറിയെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ബോംബെറിഞ്ഞ് മടങ്ങിയശേഷവും അക്രമിക്ക് പുറമെനിന്നുള്ള സഹായമുണ്ടായിട്ടുണ്ട്. അതിവേഗം ഒളിവിൽ പോകാൻ കഴിഞ്ഞത് മറ്റാരുടെയോ സഹായത്തോടെയാണെന്നും പൊലീസ് അനുമാനിക്കുന്നു.