തിരുവനന്തപുരം
‘വയസ്സനായി തോന്നുന്നുണ്ടാകും. എനിക്ക് അങ്ങനെ തോന്നുന്നില്ല…’ സ്റ്റെപ്പുണ്ടെന്ന് ഓർമിപ്പിച്ചവരോട് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഞായറാഴ്ച എൺപത്തൊന്നാം പിറന്നാളായിരുന്നു വിശ്വചലച്ചിത്രകാരന്റേത്.
ചീഫ് സെക്രട്ടറി വി പി ജോയ് രചിച്ച ശകുന്തള കവിതയുടെ കഥകളിയാവിഷ്കാരം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. വി പി ജോയ്യുടെ ക്ഷണമനുസരിച്ച് കുടുംബത്തിനൊപ്പം ഫോട്ടോയെടുത്തു. ആശംസകൾ അറിയിച്ചവരോട് പുഞ്ചിരിയോടെ നന്ദി പറഞ്ഞു. പ്രസംഗത്തിൽ അടൂരെന്ന നാടിനെക്കുറിച്ചോർത്തു. തലമുറയുടെ ആസ്വാദന നിലവാരം കുറഞ്ഞുവരുന്നതിനെ വിമർശിച്ചു. പുതിയ പരീക്ഷണങ്ങളിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും പറഞ്ഞു. ഫോണിൽ സുഖാന്വേഷണം നടത്തിയവരോടും ആശംസകൾ അറിയിച്ചവരോടും നന്ദി പറഞ്ഞു.