തൊടുപുഴ
ഉഷ്ണമേഖലാ ഫലങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ കർഷകർക്ക് സർക്കാർ സാധ്യമായ സഹായങ്ങൾ ഒരുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. തൊടുപുഴയ്ക്ക് സമീപം കലൂരിലെ പഴവർഗ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
റംബൂട്ടാൻ, മാംഗോസ്റ്റിൻ, ദുരിയാൻ, അവ്ക്കാഡോ തുടങ്ങി വിവിധ പഴങ്ങളാണ് ഈ മേഖലയിൽ കർഷകർ വിളയിക്കുന്നത്. കൃഷിക്കാർക്ക് വരുമാനം ലഭിക്കുന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കപ്പെടണം. പരമ്പരാഗത കൃഷികൾ മാത്രം പോരാ. പുതിയ ഫലവൃക്ഷങ്ങളുടെ കൃഷിയും പരീക്ഷിക്കപ്പെടണം. മാംഗോസ്റ്റിൻ തുടങ്ങിയ പഴവർഗ്ഗങ്ങളിലൂടെ ഏക്കറിൽ ശരാശരി രണ്ടു ലക്ഷത്തിനു മുകളിൽ വരുമാനം ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സാധ്യത ഉൾപ്പെടെ കൃഷിക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാണ്.
വരുമാനവർധനയ്ക്ക് കൂടുതൽ സ്ഥലത്ത് ഇവ കൃഷി ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം കർഷകർ ഉയർത്തുന്നുണ്ട്. നിലവിൽ പ്ലാന്റേഷൻ നിയമങ്ങൾക്കുള്ളിൽ വരുന്നതല്ല പഴവർഗങ്ങളുടെ കൃഷി. ഭൂമി തോട്ടമായി തന്നെ നിലനിർത്തി പുതിയ കൃഷിരീതികൾ അവിടങ്ങളിൽ പരീക്ഷിക്കുന്നത് സംബന്ധിച്ച് വിവിധ മേഖലകളിൽ ചർച്ച ചെയ്ത് പൊതുതീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
മന്ത്രിയോടൊപ്പം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും കലൂരിലെ ഷാജി ജോസഫ് കൊച്ചുകുടിയുടെ ഫലവൃക്ഷ കൃഷിത്തോട്ടം സന്ദർശിച്ചു.