തിരുവനന്തപുരം
പ്രതിപക്ഷാംഗങ്ങളുടെ കള്ളക്കഥകൾ പൊളിച്ച് ധനാഭ്യർഥന ചർച്ചയിൽ ഭരണപക്ഷം. നിയമസഭയിലടക്കം പുകമറ സൃഷ്ടിച്ച് അംഗങ്ങളുടെ കുടുംബാംഗങ്ങളെ വരെ വലിച്ചിഴയ്ക്കുന്ന പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്ക് ഭരണപക്ഷം തുറന്നുകാട്ടി.
കള്ളം പറയുന്നതിലാണോ ഡോക്ടറേറ്റ് ലഭിച്ചതെന്ന് മാത്യു കുഴൽനാടനോട് സി എച്ച് കുഞ്ഞമ്പു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അദ്ദേഹം കള്ളം ആവർത്തിക്കുന്നു. ഗൂഡലക്ഷ്യത്തോടെ പുകമറ സൃഷ്ടിക്കുന്നു. മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിച്ചാൽ ജനം അത് അംഗീകരിക്കില്ലെന്നും കുഞ്ഞമ്പു പറഞ്ഞു. വ്യവസായ വൈദ്യുതി വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കാക്കരയിൽ ട്വന്റി ട്വന്റി വോട്ടു യുഡിഎഫ് വാങ്ങിയതിൽ ചില ആത്മാക്കൾ വേദനിക്കുന്നുണ്ടെന്ന് സേവ്യർ ചിറ്റിലപ്പള്ളി. പ്രതിപക്ഷത്തിനു വേണ്ടി കൂലിത്തല്ല് ഏറ്റെടുത്തിരിക്കുകയാണ് ചില മാധ്യമങ്ങൾ. സെക്രട്ടറിയറ്റിനു മുന്നിൽവന്ന് രാവിലെ ‘ഗുഡ് ഇഡി’ എന്നു പറയുന്ന വി ഡി സതീശൻ ഉച്ചയ്ക്ക് രാജ്ഭവനുമുന്നിലെത്തി ‘ബാഡ് ഇഡി’ എന്നാണ് പറയുന്നതെന്ന് ജൊബ് മൈക്കിൾ. കോൺഗ്രസിന്റെ സെമി കേഡർ ഇങ്ങനെയെങ്കിൽ കേഡറായാൽ സംസ്ഥാനത്തിന്റെ ക്രമസമാധാന നില എന്താകുമെന്നായി പി മമ്മിക്കുട്ടിയുടെ ചോദ്യം. കോൺഗ്രസുകാർ ശരിയല്ലാത്തതുകൊണ്ടാണ് എൻസിപിക്ക് വിട്ടുപോരേണ്ടിവന്നതെന്ന് തോമസ് കെ തോമസ്. സംഘപരിവാറിന്റെ ‘കുഴൽ’നാദമാണ് സഭയിൽ ഉയരുന്നതെന്നതിൽ ഐ ബി സതീഷിന് സംശയമില്ല. |
പറവൂരിൽനിന്നുള്ള പല വാട്സപ്പ് സന്ദേശങ്ങളും ഞങ്ങളുടെ മൊബൈലിലും വരുന്നുണ്ടെന്നും അതൊന്നും സഭയിൽ പറയാത്തത് സഭയിൽ രാഷ്ട്രീയമാണ് പറയേണ്ടതെന്ന് മുഖ്യമന്ത്രി നിർദേശിച്ചതിനാലാണെന്നും സതീഷ് പറഞ്ഞു.
പേരെടുത്ത വേട്ടക്കാർ യുഡിഎഫിലുണ്ട്. ഇരട്ടക്കുഴൽ തോക്കും കൈവശമുണ്ട്. എന്നിട്ടും എന്നും ചമ്മന്തിയാണ് ഭക്ഷണമെന്നായി പി ബാലചന്ദ്രന്റെ പരിഹാസം.