കൊച്ചി
മതനിരപേക്ഷത അസംബന്ധമാണെന്ന് വാദിക്കുന്നവരാണ് കേന്ദ്രഭരണത്തിലുള്ളതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. സിഐടിയു സംസ്ഥാന പഠനക്യാമ്പ് കളമശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവർക്കറുടെ ഹിന്ദുത്വ രാഷ്ട്ര ആശയത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുകയാണ് ഭരണനേതൃത്വത്തിന്റെ ലക്ഷ്യം. അതിനായി ചരിത്രത്തെയും വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും പരുവപ്പടുത്തുന്നു. ജനാധിപത്യ ഭരണഘടനാസ്ഥാപനങ്ങളെ തകർക്കുന്നു. മതനിരപേക്ഷതയും ഫെഡറലിസവും ആക്രമണം നേരിടുകയാണ്. പ്രതികരിക്കുന്നവരെ അടിച്ചമർത്താനും ശ്രമം നടക്കുന്നു. കേന്ദ്രസർക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങൾക്കെതിരെ പ്രക്ഷോഭം ഉയരണം.
കേരളത്തിൽ ഇടതുപക്ഷത്തിനുലഭിച്ച തുടർഭരണം ചരിത്രമുന്നേറ്റമാണ്. ജനങ്ങളുടെ അഭിപ്രായം ശേഖരിച്ചാണ് എൽഡിഎഫ് പ്രകടനപത്രിക രൂപീകരിച്ചത്. നവകേരള സൃഷ്ടി എന്ന കാഴ്ചപ്പാട് അവതരിപ്പിച്ചു. പുതിയ വ്യവസായങ്ങൾ, ആധുനിക കൃഷിരീതി, പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ പ്രകടനപത്രികയിൽ ഉൾപ്പെടുത്തി.
എൽഡിഎഫിന് പുതിയ കേരളം സൃഷ്ടിക്കാനാകുമെന്ന ആത്മവിശ്വാസം ജനങ്ങൾക്കുണ്ടായി. കേരളത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്ന ഒരു ഇടപെടലും മാധ്യമങ്ങൾ നടത്തുന്നില്ല. എൽഡിഎഫ് സർക്കാർ നിക്ഷേപങ്ങളും തൊഴിൽസാധ്യതകളും കേരളത്തിൽ കൊണ്ടുവന്നപ്പോൾ ഒരു വാർത്തപോലും റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറായില്ലെന്നും എളമരം കരീം പറഞ്ഞു.