തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസമേഖലയിലെ പരീക്ഷാ നടത്തിപ്പിൽ അടിമുടി അഴിച്ചുപണി നിർദേശിച്ചുള്ള അന്തിമ റിപ്പോർട്ട് പരീക്ഷാ പരിഷ്കരണ കമീഷൻ സർക്കാരിന് സമർപ്പിച്ചു. ടേം സെമസ്റ്റർ പരീക്ഷ കോളേജ് തലത്തിലാക്കണം. ഒരു മാസത്തിനകം ഫലവും തുടർന്നുള്ള 15 ദിവസത്തിനകം സർട്ടിഫിക്കറ്റും നൽകണമെന്ന് നിർദേശത്തിലുണ്ട്.
അടുത്ത അധ്യയന വർഷംമുതൽ എല്ലാ സർവകലാശാലകളും ഫലപ്രാപ്തി വിദ്യാഭ്യാസത്തിൽ ഊന്നൽ നൽകണം. അതിന് അനുസൃതമായ പരീക്ഷാ രീതിയും നവീന മൂല്യനിർണയവും വേണം. അധ്യാപകർക്ക് പരിശീലനം നൽകാനുള്ള പാഠ്യപദ്ധതി ഉണ്ടാക്കണം. ഏകീകൃത ഗ്രേഡിങ് പാറ്റേണും കേന്ദ്രീകൃത പ്രവേശന പ്രക്രിയയും വേണം. യുജി, പിജി പ്രവേശനം ജൂലൈക്കകം പൂർത്തീകരിക്കണം. പിജി പ്രവേശനത്തിന് ദേശീയ വിജ്ഞാപനത്തോടുകൂടിയ പ്രവേശന പരീക്ഷ വേണം. പ്രവേശനത്തിന് ടിസി നിർബന്ധമാക്കരുത്. ഓരോ വിദ്യാർഥിക്കും അധ്യാപകർക്കും ഒരു യുണീക് സ്റ്റുഡന്റ് ഐഡി നൽകണം.
ഒരു നിശ്ചിതകാലയളവിൽ പഠിച്ച വിദ്യാർഥിയുടെ അക്കാദമിക് ക്രെഡിറ്റ് അടുത്ത സർവകലാശാലകളിൽ ഉപയോഗിക്കാനാകണം. യുജി, പിജി ആന്തരിക മൂല്യനിർണയത്തിനുള്ള വെയ്റ്റേജ് കുറഞ്ഞത് 40 ശതമാനമാക്കണം. 40 ശതമാനം ഇന്റേണൽ അസസ്മെന്റിൽ 50 ശതമാനം എഴുത്തുപരീക്ഷയിലൂടെ നടത്തണമെന്നും കമീഷൻ ശുപാർശ ചെയ്തു.
ഹാജരിന് വെയിറ്റേജ് വേണ്ട
ഹാജരിന് വെയിറ്റേജ് നൽകുന്ന രീതി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിർത്തലാക്കാൻ പരീക്ഷാ പരിഷ്കരണ കമീഷൻ ശുപാർശ. ഇന്റേണൽ അസസ്മെന്റിന്റെ ഫലം അവസാന സെമസ്റ്റർ പരീക്ഷയ്ക്കു മുമ്പ് പ്രസിദ്ധീകരിക്കണം. പരാതി പരിഹരിക്കാൻ ത്രിതല സമിതി വേണം. അവസാന ടേം പരീക്ഷ സർവകലാശാല നടത്തണം. പരീക്ഷകൾക്ക് 15 മിനിറ്റ് കൂൾ ഓഫ് സമയം വേണം.