ഇംഫാൽ> പടിഞ്ഞാറൻ മണിപ്പുരിലെ നോനെ ജില്ലയിൽ കനത്തമഴയെ തുടർന്ന് റെയിൽവേ യാർഡ് നിർമാണ ക്യാമ്പിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ സൈനികരുൾപ്പെടെ എട്ട് മരണം. 23 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും. 107–-ാം ടെറിട്ടോറിയൽ ആർമി ബറ്റാലിയനിലെ 43 സൈനികരടക്കം 72 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തിരച്ചിൽ തുടരുന്നു.
മരിച്ച ഏഴുപേർ ടെറിറ്റോറിയൽ ആർമി ഉദ്യോഗസ്ഥരും ഒരാൾ തൊഴിലാളിയുമാണ്.ബുധനാഴ്ച അർധരാത്രി തുപുൽ റെയിൽവേ യാർഡ് നിർമാണ ക്യാമ്പിലാണ് അപകടം. മണ്ണിടിച്ചിലിനെ തുടർന്ന് നോനെ ജില്ലയിലൂടെ ഒഴുകുന്ന ഇജെയ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു. അവശിഷ്ടങ്ങൾ കുന്നുകൂടി ‘അണക്കെട്ട്’ പോലെ രൂപം കൊണ്ടിട്ടുണ്ടെന്നും ഇത് പൊട്ടിയാൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാക്കുമെന്നും നോനെ ഡപ്യൂട്ടി കമീഷണർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് കനത്ത മഴ തുടരുന്നത് അശങ്കയുയർത്തി. താഴ്ന്ന പ്രദേശത്തുള്ളവരെല്ലാം മാറി താമസിക്കണമെന്ന് നിര്‍ദേശം നല്കി.
സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവരണ സേനയുടെയും (എൻഡിആർഎഫ്)നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്.