ന്യൂഡൽഹി
മഹാരാഷ്ട്രയുടെ 20–-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ ഏക്നാഥ് സംബാജി റാവു ഷിൻഡെ കോർപറേഷൻ കൗൺസിലറായാണ് പൊതുജീവിതം തുടങ്ങിയത്. താനെയിൽ ഓട്ടോഡ്രൈവറായിരുന്നു. ശിവസേനയുടെ ശക്തികേന്ദ്രമായ താനെയിൽ ജില്ലാപ്രസിഡന്റായിരുന്ന ആനന്ദ് ദിഗെയാണ് ഷിൻഡെയെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്. 1997ലും 2002ലും താനെ കോർപറേഷൻ കൗൺസിലറായി. 2004 മുതൽ തുടർച്ചയായി നിയമസഭാംഗം. ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡെ കല്യാണിൽനിന്നുള്ള ലോക്സഭാംഗമാണ്.
മറ്റ് രണ്ടു മക്കൾ കുട്ടിക്കാലത്ത് ബോട്ടപകടത്തിൽ മരിച്ചു. നിരാശ ബാധിച്ച് രാഷ്ട്രീയം ഉപേക്ഷിച്ചുപോയ ഷിൻഡെയെ ആനന്ദ് ദിഗെയാണ് തിരിച്ചുകൊണ്ടുവന്നത്.