കിൻഷസ
നീചമായി കൊലചെയ്യപ്പെട്ട് 60 വര്‍ഷത്തിനുശേഷം കമ്യൂണിസ്റ്റ് നേതാവും കോംഗോ ജനാധിപത്യ റിപ്പബ്ലികിന്റെ ആദ്യ പ്രധാനമന്ത്രിയുമായ പാട്രിസ് ലുമുംബയ്ക്ക് യാത്രമൊഴിയേകി ജന്മനാട്. കൊന്ന് കഷണങ്ങളായി മുറിച്ച് ആസിഡിൽ ലയിപ്പിച്ച് ഇല്ലാതാക്കിയ ധീരവിപ്ലവകാരിയുടെ ഏക ശേഷിപ്പായ പല്ലാണ് കിൻഷസയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. അമേരിക്കൻ ചാരസംഘടന സിഐഎയുടെ സഹായത്തോടെ ബൽജിയൻ കൂലിപ്പട്ടാളം കൊലപ്പെടുത്തിയ നേതാവിന്റെ പല്ല് കഴിഞ്ഞയാഴ്ചയാണ് ബെല്‍ജിയം തെറ്റ് ഏറ്റുപറഞ്ഞ് ഡിആര്‍ കോംഗോയ്ക്ക് കൈമാറിയത്.
ബൽജിയം രാജ്യത്തിന്റെ നിയന്ത്രണം ഒഴിഞ്ഞതിന്റെ 62–-ാം വാർഷികം കൂടിയായ വ്യാഴാഴ്ചയാണ് പാട്രിസ് ലുമുംബയുടെ പല്ല് സംസ്കരിച്ചത്. ആഫ്രിക്കയിലെ കോളനിവാഴ്ചയ്ക്കെതിരായ പോരാട്ടങ്ങളിലൂടെയാണ് പാട്രിസ് ലുമുംബ നേതൃനിരയിലേക്ക് ഉയർന്നത്. സ്വതന്ത്ര കോംഗോയിൽ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ആദ്യ പ്രധാനമന്ത്രിയായി. കോംഗോ ജനതയെ അടിമജീവിതത്തിലേക്ക് തള്ളിവിട്ട ബൽജിയത്തെ വിമർശിച്ച് 1960ൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. 1961ലാണ് ആസൂത്രിതമായി ചതിച്ച് കൊലപ്പെടുത്തിയത്.
നാൽപ്പതു വർഷത്തിനുശേഷമാണ് ബൽജിയം കൊലപാതകത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തത്. 2000ൽ ജർമൻ ടിവി ഡോക്കുമെന്ററിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ആസിഡില്‍ ലയിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. കൊലപാതകത്തിൽ പങ്കെടുത്ത പൊലീസുകാരൻ സൂക്ഷിച്ച പാട്രിസിന്റെ സ്വർണം കെട്ടിയ പല്ല് തെളിവായി കാണിച്ചു. ബൽജിയൻ സർക്കാർ പല്ല് പിടിച്ചെടുത്തു.
തെറ്റുതിരുത്തൽ എന്ന തരത്തിലാണ് പല്ല് അദ്ദേഹത്തിന്റെ കുടുംബത്തിനു കൈമാറിയത്.