മുംബൈ> കടുത്ത ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. വിശ്വാസവോട്ടെുപ്പിനുളള പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ നിർദ്ദേശിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നാളെ ഏറെ നിർണായകമാണ്. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു. വിമതർ എംഎല്‍എമാര്‍ നാളെ മുംബൈയിൽ തിരികെയെത്തുമെന്നും ഷിൻഡേ പറഞ്ഞു.
നാളെ 11ന് സഭ ചേരുമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവണര്‍ നിര്‍ദേശം നല്കി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാന്‍ നിർദേശമുണ്ട്.
അതേസമയം അസമിലെ ഗുവാഹത്തിയിൽ തുടരുന്ന വിമത എംഎൽഎമാരോട് മടങ്ങിയെത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വികാരനിർഭരമായ അഭ്യർഥന നടത്തി . നിങ്ങളെല്ലാവരും ഇപ്പോഴും ശിവസേനക്കാരാണെന്നും എല്ലാ പ്രശ്നങ്ങളും സംസാരിച്ച് പരിഹരിക്കാമെന്നും താക്കറെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മുംബൈയിലേക്ക് മടങ്ങുമെന്ന് വിമത സംഘത്തെ നയിക്കുന്ന ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആഹ്വാനം.
വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലാണ് ബിജെപി എംഎൽഎമാർ ചൊവ്വ രാത്രി ഗവർണൻ ഭഗത് സിങ് കോശിയാരിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്.