തിരുവനന്തപുരം
നഷ്ടപരിഹാര പ്രശ്നങ്ങളടക്കം പരിഗണിക്കുന്ന ജിഎസ്ടി കൗൺസിലിന്റെ 47–-ാമത് യോഗം ചൊവ്വയും ബുധനും ചണ്ഡീഗഡിൽ ചേരും. നേരത്തേ ശ്രീനഗറിൽ നിശ്ചയിച്ചിരുന്ന യോഗമാണിത്. ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുക്കും.
ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥയുടെ കാലാവധി 30ന് തീരും. ഇനി തുടരേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ, നഷ്ടപരിഹാര തീരുവ പിരിവ് നാലുവർഷംകൂടി തുടരും. ഇതിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക് കിട്ടില്ല. നഷ്ടപരിഹാര വിതരണത്തിനായി കടമെടുത്ത തുകയുടെ തിരിച്ചടവിനായാണ് നഷ്ടപരിഹാര തീരുവ 2026 മാർച്ച് 26 വരെ തുടരാൻ തീരുമാനിച്ചത്.
ആഡംബര വാഹനങ്ങൾ, ശീതളപാനിയങ്ങൾ, സിഗററ്റ്, പുകയില, കായിക വിനോദത്തിനുള്ള ചങ്ങാടങ്ങൾ എന്നിവയ്ക്കാണ് നഷ്ടപരിഹാര തീരുവ ഈടാക്കുന്നത്. കുറഞ്ഞത് മൂന്നു വർഷംകൂടിയെങ്കിലും നഷ്ടപരിഹാര വിതരണം തുടരണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പാക്കറ്റ് ഭക്ഷണത്തിനുൾപ്പെടെ ജിഎസ്ടി നിരക്ക് ഉയർത്താനുള്ള ശ്രമവും കേന്ദ്രം പരിഗണിക്കുന്നു.
ആഡംബര വസ്തുക്കൾ ഒഴികെ, ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി നിരക്ക് ഉയർത്താനുള്ള നീക്കം കേരളം ചെറുക്കുമെന്ന് ധനമന്ത്രി ബാലഗോപാൽ വ്യക്തമാക്കി. നഷ്ടപരിഹാര വിഷയത്തിലടക്കം സംസ്ഥാനങ്ങൾക്ക് അനുകൂലമായ തീരുമാനത്തിനായി യോജിപ്പിനായുള്ള ശ്രമങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.