ന്യൂഡൽഹി
ത്രിപുര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അഗർത്തല സിറ്റിങ് സീറ്റ് തോറ്റതിനു പിന്നാലെ പിസിസി ഓഫീസ് അടിച്ചുതകർത്ത് ബിജെപി പ്രവർത്തകർ. പിസിസി പ്രസിഡന്റ് ബിരജിത് സാഹയടക്കം ഏഴുപേർക്ക് പരിക്കേറ്റു. റോണി മിയാൻ എന്ന കോൺഗ്രസ് പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചു. പൊലീസ് നോക്കിനിൽക്കെ ബൈക്കുകളും വാഹനങ്ങളും കത്തിച്ചു. സംസ്ഥാന വ്യാപകമായി സിപിഐ എം ഓഫീസുകളും ബിജെപിക്കാർ ആക്രമിച്ചു.
പിസിസി ഓഫീസിൽ കയറി സംസ്ഥാന പ്രസിഡന്റിനെ അടക്കം അടിച്ച് പരിക്കേൽപ്പിച്ചിട്ടും സംഭവത്തെ അപലപിക്കുന്ന പ്രസ്താവനയിൽ ഒതുങ്ങി കോൺഗ്രസ് പ്രതികരണം. ബിജെപിക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ അഗർത്തലയിലേക്ക് അയച്ചു. രാഹുലിന്റെ വയനാട് ഓഫീസിലുണ്ടായ സംഭവത്തിന്റെ പേരില്‍ ഡൽഹി സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്കും എസ്എഫ്ഐ ഓഫീസിലേക്കും കോൺഗ്രസുകാര്‍ പ്രതിഷേധ പ്രകടനം നടത്തി ഭീഷണി മുദ്രാവാക്യം മുഴക്കി. എന്നാൽ, പിസിസി പ്രസിഡന്റ് ആക്രമിക്കപ്പെട്ടിട്ടും ഡൽഹിയിലെ ബിജെപി ഓഫീസിനു മുന്നിൽ പ്രതിഷേധിക്കാന്‍ കോൺഗ്രസ് മുതിർന്നില്ല.