ബാലുശേരി (കോഴിക്കോട്)
ബാലുശേരിയിലെ പാലോളിമുക്കിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ ക്രൂരമായി മർദിച്ചശേഷം വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന എസ്ഡിപിഐ നേതാവിന്റെ വീഡിയോദൃശ്യം പുറത്ത്. അവിടനല്ലൂരിലെ മൂടോട്ടുകണ്ടി സഫീറിന്റെ നേതൃത്വത്തിൽ താലിബാൻ മാതൃകയിലുള്ള അക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങളാണ് ഞായറാഴ്ച പുറത്തുവന്നത്. സഫീർ ജിഷ്ണുരാജിനെ പ്രത്യേകരീതിയിൽ കൈ പിറകിലൂടെ പിടിച്ച് തല തോട്ടിൽ മുക്കി ഉയർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൃത്യമായ പരിശീലനം നേടിയയാൾക്കേ ഈ രീതിയിൽ ചെയ്യാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റർ നശിപ്പിക്കാനെത്തിയതാണെന്ന് ഭീഷണിപ്പെടുത്തി ജിഷ്ണുവിനെ കൊണ്ട് പറയിപ്പിക്കുന്നതും പ്രാദേശിക നേതാക്കളുടെ പേര് നിർബന്ധിപ്പിച്ച് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമം കെട്ടച്ചമച്ചതാണെന്ന് എസ്ഡിപിഐയും ലീഗും പ്രചരിപ്പിക്കുന്നതിനിടെ ഇവരുടെ പങ്ക് കൂടുതൽ വെളിപ്പെടുത്തുന്നതാണിത്. സംഭവത്തെ ആൾക്കൂട്ട അക്രമമായി ചിത്രീകരിക്കാനുള്ള പൊലീസ് നീക്കത്തിനും തിരിച്ചടിയാണ് ഈ ദൃശ്യങ്ങൾ.
പിറന്നാൾ ആഘോഷത്തിനെത്തിയ സുഹൃത്തിനെ വീട്ടിലാക്കി മടങ്ങവേയാണ് കഴിഞ്ഞ ബുധൻ രാത്രി ജിഷ്ണുരാജിനെ ഒരുസംഘം എസ്ഡിപിഐ പ്രവർത്തകർ വളഞ്ഞിട്ടാക്രമിച്ച് തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചത്. മൂന്നുമണിക്കൂറോളം ക്രൂരമായി മർദിച്ചു. സംഭവം നടന്ന് മൂന്നുദിവസമായിട്ടും ഒരു എസ്ഡിപിഐ പ്രവർത്തകനെപ്പോലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ജിഷ്ണുരാജ് ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ റിമാൻഡിലാണ്.