തൃശൂർ
എഴുത്തുകാരനും മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായർ രാത്രി 10.45 നായിരുന്നു അന്ത്യം പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി വ്യക്തമുദ്ര പതിപ്പിച്ച മേഖലകൾ നിരവധി. ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധേയനായത്. ചൊവ്വല്ലൂർ ‘അനുഗ്രഹം’ വീട്ടിലായിരുന്നു താമസം. സംസ്കാരം തിങ്കളാഴ്ച.
1936 സെപ്തംബർ 10-ന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂർ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാരുടെയും മകനായാണ് ജനനം. ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയൽ സ്കൂൾ, മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ, തൃശൂർ ശ്രീകേരളവർമ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവൻ പത്രത്തിൽ 1959-ൽ സബ് എഡിറ്ററായി ജോലി ആരംഭിച്ചു.1963-ൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററുമായി. 1966-ൽ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റിൽ സബ് എഡിറ്ററായി ചേർന്നു. 2004-ൽ അസി. എഡിറ്ററായി വിരമിച്ചു.
യൂസഫലി കേച്ചേരി സംവിധാനം ചെയ്ത “മരം” എന്ന സിനിമയിലുടെ അഭിനയരംഗത്തേക്ക് . തുലാവർഷം എന്ന സിനിമയിലെ “സ്വപ്നാടനം ഞാൻ തുടരുന്നു’ എന്ന ഗാനത്തിലൂടെ ഗാനരചയിതാവായി. ചലച്ചിത്രഗാനങ്ങൾ, റേഡിയോ നാടകങ്ങൾ എന്നിവയും 3500ൽപ്പരം ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി എന്നിവയുടെ ജനറൽ കൗൺസിൽ അംഗമായും രണ്ട് തവണ കേരള കലാമണ്ഡലം വൈസ് ചെയർമാനായും പ്രവർത്തിച്ചു.
സർഗം എന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചു. പ്രഭാതസന്ധ്യ, ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കർപ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റേതാണ്. കേരള കലാമണ്ഡലത്തിന്റെ മുകുന്ദരാജ സ്മൃതി , ജ്ഞാനപ്പാന ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചൊവ്വല്ലൂരിനെ തേടിയെത്തി.
ഭാര്യ: തൃശ്ശിലേരി വാരിയത്ത് സരസ്വതി. മക്കൾ: ഉഷ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പരേതനായ സുരേഷ് ചെറുശ്ശേരി, ഗീത.