കോഴിക്കോട്> ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെ എസ്ഡിപിഐ ലീഗ് സംഘം വളഞ്ഞിട്ടാക്രമിച്ച്, തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ യുജനപ്രതിരോധം തീർക്കുന്നു. എസ്ഡിപിഐ ലീഗ് ഭീകരതയ്ക്കെതിരെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ബാലുശ്ശേരിയിൽ യുവജന പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അറിയിച്ചു.
ബാലുശ്ശേരിയിലെ എസ്ഡിപിഐ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. പിറന്നാൾ ദിനത്തിൽ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാൻ ഇറങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സഖാവ് ജിഷ്ണുവിനെ, എസ്ഡിപിഐ മുസ്ലിം ലീഗ് പ്രവർത്തകർ ഭീകരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു.
ജിഷ്ണുവിന്റെ പിറന്നാളായിരുന്നു ബുധനാഴ്ച്ച .കൂട്ടുകാരന്റെ വീട്ടിൽ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തിയാണ്, എസ്ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും, ജിഷ്ണുവിനെ വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ചു. മുഖത്തും ദേഹത്തും ഭീകരമായാണ് മർദ്ദിച്ചത്.
എസ്ഡിപിഐ പ്രവർത്തകർ കൊണ്ടുവന്ന വടിവാൾ കൊണ്ട് ഭീഷണിപ്പെടുത്തുകയും ജിഷ്ണുവിന്റെ കൈയ്യിൽ വടിവാൾ കൊടുത്ത് സിപിഐ എം നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയിച്ച് വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. മതരാഷ്ട്ര വാദികൾക്കെതിരായ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുർബലപ്പെടുത്താമെന്ന് എസ്ഡിപിഐ കരുതേണ്ട. ഇത്തരം ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.