ന്യൂഡൽഹി
സൈനികസേവനത്തെയും കരാർവൽക്കരിക്കുന്ന അഗ്നിപഥിനെതിരായി സംയുക്ത കിസാൻ മോർച്ച വെള്ളിയാഴ്ച രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ ഡൽഹിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം കൈമാറും. വിദ്യാർഥി–- യുവജന സംഘടനകൾ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെയാണ് കർഷക സംഘടനകളും സമരത്തിൽ അണിചേരുന്നത്. ദേശീയ പ്രക്ഷോഭത്തിന് ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും പിന്തുണ പ്രഖ്യാപിച്ചു. രാജ്യാതിർത്തി സംരക്ഷിക്കാൻ ജീവത്യാഗംവരെ ചെയ്യുന്ന പട്ടാളക്കാർക്ക് പെൻഷനും സാമൂഹ്യസുരക്ഷയും ഇല്ലാതാക്കുന്നത് ബിജെപിയുടെ തീവ്രദേശസ്നേഹികളാണെന്ന വാദത്തിന്റെ പൊള്ളത്തരം വെളിവാക്കുന്നു.
ദേശീയ പ്രക്ഷോഭത്തിൽ ട്രേഡ് യൂണിയനുകളും പങ്കെടുക്കുമെന്ന് സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, യുടിയുസി സംഘടനകൾ പ്രസ്താവനയിൽ വ്യക്തമാക്കി.