ലണ്ടൻ
വേതനവർധനയും തൊഴിൽസുരക്ഷിതത്വവും ആവശ്യപ്പെട്ട് ബ്രിട്ടനിലെ റെയിൽവേ ജീവനക്കാർ നടത്തിയ ദേശീയ പണിമുടക്ക് രണ്ടാംദിവസമായ വ്യാഴാഴ്ചയും പൂർണം. വിവിധ വിഭാഗങ്ങളിൽനിന്നുള്ള അരലക്ഷം തൊഴിലാളികളാണ് പണിമുടക്കിയത്. പൊതുമേഖലാ സ്ഥാപനമായ നാഷണൽ റെയിൽ ഉൾപ്പെടെ 14 ഓപ്പറേറ്റിങ് കമ്പനിയിലെ ജീവനക്കാരും പണിമുടക്കിയതോടെ ബ്രിട്ടനുപുറമേ സ്കോട്ട്ലൻഡ്, വെയ്ൽസ് എന്നിവിടങ്ങളിലെയും സർവീസ് താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദായതോടെ സ്റ്റേഷനുകൾ വിജനമായി.
നാൽപ്പത് വർഷത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റം നേരിടുന്ന രാജ്യത്ത് വർഷങ്ങളായി വേതനം ഉയർത്തിനൽകാൻ അധികൃതർ തയ്യാറാകാത്തതാണ് തൊഴിലാളികളെ മൂന്ന് പതിറ്റാണ്ടിനുശേഷമുള്ള ഏറ്റവും വലിയ സമരത്തിലേക്ക് തള്ളിവിട്ടത്.
ചൊവ്വാഴ്ചത്തെ ആദ്യദിന പണിമുടക്കിനുശേഷവും പ്രശ്നപരിഹാരത്തിന് റെയിൽവേ കമ്പനികളും സർക്കാരും തയ്യാറാകാത്തതിൽ തൊഴിലാളികളും രോഷത്തിലാണ്. തുടർദിവസങ്ങളിൽ ഡ്രൈവർമാർ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പോസ്റ്റൽ, കൊറിയർ ജീവനക്കാർ, വൃദ്ധസദന ജീവനക്കാർ തുടങ്ങി നാനാതുറകളിലുള്ളവർ സമരത്തിലേക്ക് കടക്കുമെന്നാണ് വിവരം. അടുത്തയാഴ്ചമുതൽ കോടതി ബഹിഷ്കരിക്കുമെന്ന് അഭിഭാഷകരും പ്രഖ്യാപിച്ചിട്ടുണ്ട്.