ബംഗളൂരു> നാൽപ്പത്തിരണ്ടാം തവണയും രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടംചൂടാൻ മുംബൈ. ഇന്നുനടക്കുന്ന ഫൈനലിൽ ആദ്യകിരീടം തേടുന്ന മധ്യപ്രദേശാണ് എതിരാളി. ബംഗളൂരുവിലെ എം ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് കലാശപ്പോര്. രാവിലെ 9.30 മുതൽ സ്റ്റാർ സ്പോർട്സ് 2ലും ഹോട്സ്റ്റാറിലും കാണാം. ആഭ്യന്തര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സംഘമാണ് മുംബൈ. രഞ്ജിയിൽ 47–-ാംഫൈനലാണിത്. 42ലും കിരീടമുയർത്തി. രണ്ടാമതുള്ള കർണാടക എട്ടുതവണ ചാമ്പ്യന്മാരായി. മധ്യപ്രദേശിന് രണ്ടാംഫൈനലാണ്. 1999ൽ കർണാടകയോട് തോറ്റു.
2016നുശേഷം രഞ്ജി നേടിയിട്ടില്ല മുംബൈ. സെമിയിൽ ഉത്തർപ്രദേശിനെതിരെ ഒന്നാംഇന്നിങ്സ് ലീഡിന്റെ കരുത്തിലാണ് മുന്നേറിയത്. പൃഥ്വി ഷാ നയിക്കുന്ന സംഘം മികച്ച താരങ്ങളുടെ നിരയാണ്. പൃഥ്വിക്കുപുറമെ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമനായ സർഫ്രാസ് ഖാൻ, യശസ്വി ജയ്സ്വാൾ, അർമാൻ ജാഫർ, സുദേവ് പാർകർ എന്നിവരാണ് ബാറ്റിങ്ങിലെ കരുത്ത്. സർഫ്രാസ് അഞ്ച് കളിയിൽ നേടിയത് 803 റൺ. ഒരു ഇരട്ടസെഞ്ചുറിയും രണ്ട് സെഞ്ചുറിയും ഉൾപ്പെടും. ഷംസ് മുലാനിയാണ് തുരുപ്പുചീട്ട്. 37 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് ഈ ഇടംകൈയൻ സ്പിന്നർ. അഞ്ച് അരസെഞ്ചുറി ഉൾപ്പെടെ 292 റണ്ണുമടിച്ചു.
ശക്തരായ ബംഗാളിനെ 174 റണ്ണിന് തകർത്താണ് ആദിത്യ ശ്രീവാസ്തവ നയിക്കുന്ന മധ്യപ്രദേശ് എത്തുന്നത്. ഐപിഎല്ലിൽ മിന്നിയ രജിത് പാട്ടിദാർ, യഷ് ദുബെ, ശുഭം ശർമ എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷകൾ. പന്തിൽ ഇടംകൈയൻ സ്പിന്നർ കുമാർ കാർത്തികേയയിലും. ആകെ 27 വിക്കറ്റുണ്ട്. മുംബൈ സ്വദേശികളായ പരിശീലകരുടെ പോരുകൂടിയാകും ഫൈനൽ. ചന്ദ്രകാന്ത് പണ്ഡിറ്റാണ് മധ്യപ്രദേശിന്റെ കോച്ച്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച കോച്ച്. മുംബൈയുടെത് അമോൽ മസൂംദാറും. ഇരുവരും മുംബൈ താരങ്ങളായിരുന്നു.