തിരുവനന്തപുരം> നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍ (നാക്) റീ അക്രഡിറ്റേഷനില്‍ എ പ്ലസ് പ്ലസ് നേടി കേരള സര്‍വകലാശാല. നാലില്‍ 3.67 പൊയിന്റ് നേടിയാണ് സര്‍വകലാശാല ചരിത്രനേട്ടം സ്വന്തമാക്കിയത്. സംസ്ഥാനത്ത് ഒരു സര്‍വകലാശാലയ്ക്ക് ആദ്യമായാണ് എ പ്ലസ് പ്ലസ് ലഭിക്കുന്നത്. പുതിയ ഗ്രെയ്ഡോടെ രാജ്യത്തെ സംസ്ഥാന സര്‍വകലാശാലകളില്‍ ഒന്നാം സ്ഥാനത്തേക്കും മികച്ച പത്ത് സര്‍വകലാശാലകളില്‍ ഒന്നായും കേരള മാറി.
ഏഴ് വ്യത്യസ്ത മാനദണ്ഡങ്ങള്‍ വിശകലനം ചെയ്താണ് നാക് സംഘം ഗ്രെയ്ഡ് തീരുമാനിക്കുന്നത്. ഇതില്‍ പാഠ്യക്രമത്തിന് നാലില്‍ 3.08ഉം അധ്യാപനം/ബോധനം/മൂല്യനിര്‍ണയം- 3.47, ഗവേഷണം/കണ്ടുപിടിത്തം/അനുബന്ധ പ്രവര്‍ത്തനം-3.52, അടിസ്ഥാന സൗകര്യമേഖല/ പഠനസൗകര്യങ്ങളുടെ പര്യാപ്തത-3.75, വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണ/വളര്‍ച്ച-3.93, ഇന്‍സ്റ്റിറ്റിയൂഷണല്‍ വാല്യു ആന്‍ഡ് ബെസ്റ്റ് പ്രാക്ടീസ്-3.96 എന്നിങ്ങനെയാണ് ലഭിച്ച പൊയിന്റുകള്‍. ഇവയുടെ ആകെ ശരാശരിയാണ് 3.67.
കഴിഞ്ഞ തവണ 3.3പൊയിന്റുമായി എ ഗ്രെയ്ഡാണ് ലഭിച്ചത്. ഇതില്‍നിന്ന് വലിയ കുതിച്ചുചാട്ടം നടത്തിയാണ് എ പ്ലസ് പ്ലസ് എന്ന ഉന്നത നിരയിലേക്ക് സര്‍വകലാശാല എത്തിയത്. ഐഐടി നിലവാരത്തിലുള്ള റാങ്കാണിത്. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് സമാനമായ പൊയിന്റാണ് സര്‍വകലാശാലയും നേടിയത്.
പദ്ധതികള്‍ക്ക് ലഭിക്കുക 800 കോടി
എ പ്ലസ് പ്ലസ് ഗ്രെയ്ഡ് നേടിയ സര്‍വകലാശാലയ്ക്ക് വിവിധ പദ്ധതികള്‍ക്കായി യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമിഷനില്നിന്ന് ലഭിക്കുക 800 കോടിയോളം രൂപ. ഗവേഷണം, അടിസ്ഥാനസൗകര്യവികസനം, വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇതുപയോഗിക്കാം. വൈസ് ചാന്‍സിലര്‍ ഡോ. വി പി മഹാദേവന്പിള്ളയുടെയും സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിനുപിന്നില്‍. സര്‍വകലാശാല എ പ്ലസ് പ്ലസ് നേടിയത് കൂടുതല്‍ ഗുണകരമാകുക വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമാണ്.
കേന്ദ്ര പ്രൊജക്ട് ഫണ്ടുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം കൂടി ലഭിക്കും. ഒരു പൊതുസര്വകലാശാലയ്ക്ക് ചെയ്യാനാകുന്ന എല്ലാ മികച്ച പ്രവര്‍ത്തനങ്ങളും കേരള കാഴ്ചവച്ചതായി സന്ദര്നെത്തിനെത്തിയ നാക് സംഘം പറഞ്ഞതായി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. പി പി അജയകുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.