ബൊഗോട്ട
തുടർക്കഥയായിരുന്ന രാഷ്ട്രീയ വേട്ടയാടലുകൾ ചരിത്രത്തിലേക്ക് മറഞ്ഞെന്നും ഇനി മാറ്റത്തിന്റെ പാതയിലുള്ള പുതിയ കൊളംബിയ(ന്യൂവ കൊളംബിയ)യാണെന്നും പ്രസിഡന്റായി തെരഞ്ഞെടുത്ത ഗുസ്താവോ പെത്രോ. ‘തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കുറുക്കുവഴികളല്ല, സ്നേഹവും സമാധാനവും പ്രത്യാശയുമാകും പുതിയ സർക്കാരിന്റെ മുദ്രാവാക്യം’–- വിജയത്തിനുശേഷം മൊവിസ്തർ അരീനയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. എതിർസ്ഥാനാർഥിയായിരുന്ന റൊഡോൾഫോ ഹെർണാണ്ടസിന്റെ അനുയായികൾക്കും രാജ്യത്തിന്റെ പുരോഗതി ഉറപ്പാക്കാൻ സർക്കാരിനൊപ്പം സഹകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കം എം 19
വടക്കൻ നഗരം സിയെനാഗ ഡി ഓറോയിൽ 1960 ഏപ്രിൽ 19ന് ദരിദ്ര തൊഴിലാളി കുടുംബത്തിലാണ് ഗുസ്താവോ ജനിച്ചത്. ഉപജീവനത്തിനായി ബൊഗോട്ടയിലേക്ക് കുടിയേറി. 1974–- 1990 കാലയളവിൽ ആഭ്യന്തര സായുധ യുദ്ധത്തിൽ പങ്കാളിയായിരുന്ന നഗര ഗറില്ലാ സംഘം ഏപ്രിൽ 19 പ്രസ്ഥാനത്തിന്റെ (എം 19) ഭാഗമായി. പിന്നീട് ഡമോക്രാറ്റിക് അലയൻസ് എം19 സ്ഥാപിച്ചു. 1991ൽ പ്രതിനിധിസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ബൊഗോട്ടയുടെ മുൻ മേയറും നിലവിൽ അവിടെനിന്നുള്ള സെനറ്ററുമാണ്. മൂന്നാംവട്ടമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
അഴിമതിക്കെതിരായ പോരാട്ടത്തിന് വിവിധ അവാർഡുകൾ നേടി. 1994–- 1996ൽ ബൽജിയത്തിലേക്കുള്ള നയതന്ത്ര പ്രതിനിധിയും മനുഷ്യാവകാശ അറ്റാഷെയുമായിരുന്നു. 2006–- 2010ൽ സെനറ്ററായിരിക്കെ രാഷ്ട്രീയ നേതാക്കളും അർധസൈനിക സംഘങ്ങളുമായുള്ള ബന്ധം പുറത്തുകൊണ്ടുവന്നു. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റുണ്ട്.
ലക്ഷ്യം സമൂലമാറ്റം
രാജ്യത്തിന്റെ സമൂല പരിഷ്കരണമാണ് ലക്ഷ്യമെന്ന് പ്രചാരണവേളയിലേ പെത്രോ പ്രഖ്യാപിച്ചിരുന്നു. നവ ഉദാരവൽക്കരണ നയങ്ങളില്‍നിന്നുള്ള ക്രിയാത്മക മാറ്റം, സൗജന്യ സര്‍വകലാശാലാ വിദ്യാഭ്യാസം, പെന്ഷന് നയം പരിഷ്കരണം, അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യസംവിധാനം ശക്തിപ്പെടുത്തൽ, പട്ടിണി നേരിടാൻ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ, സ്ത്രീകളുടെ അവകാശസംരക്ഷണം, സാമ്പത്തിക, ഊർജ നയങ്ങളിൽ കാതലായ മാറ്റം, ആഭ്യന്തര സായുധ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങിയ ആശയങ്ങളും മുന്നോട്ടുവച്ചു. കാലാവസ്ഥാ വ്യതിയാനം, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം തുടങ്ങിയ അനേകം വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടിനൊപ്പമെന്ന പ്രഖ്യാപനമാണ് കൊളംബിയൻ ജനത പെത്രോക്ക് സമ്മാനിച്ച ചരിത്രവിജയം.
മാർകേസും ഫുട്ബോളും;
മലയാളികളുടെ കൊളംബിയ
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. കൊളംബിയ എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പേര്. മലയാളി ഏറ്റവും കൂടുതൽ വായിച്ച എഴുത്തുക്കാരിൽ ഒരാൾ. ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ മലയാളിയെ കൊളംബിയൻ ജീവിതം പഠിപ്പിച്ചു. മാജിക്കൽ റിയലിസം മലയാളിയിലേക്ക് സന്നിവേശിപ്പിച്ച മാന്ത്രികൻ.
ഹിഗ്വിറ്റയും എസ്കോബാറും
ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും കേരളത്തിന്റെ ഫുട്ബോൾ ഓർമകളിൽ കൊളംബിയയുടെ മഞ്ഞക്കുപ്പായം തിളങ്ങിനിൽക്കുന്നു. ബ്രസീലിനോടും അർജന്റീനയോടുമുള്ള ലാറ്റിനമേരിക്കൻ സ്നേഹത്തിന്റെ ഒരു പങ്ക് മലയാളികൾ കൊളംബിയക്കും നൽകിയിട്ടുണ്ട്. അതിൽ റെനെ ഹിഗ്വിറ്റ പരിചിതമായ പേര്.
ആന്ദ്രേ എസ്കോബാർ വേദനിപ്പിക്കുന്ന ഓർമ.
ഗോൾമുഖം വിട്ട് കളത്തിലിറങ്ങി കളിക്കുന്ന ഹിഗ്വിറ്റയെന്ന ഗോൾകീപ്പറെ എൻ എസ് മാധവന്റെ അക്ഷരങ്ങൾ കൂടുതൽ ഇഷ്ടത്തിലാക്കി. ചുരുണ്ടമുടിക്കാരൻ കാർലോസ് വാൾഡറമയ്ക്കുമുണ്ടായിരുന്നു ആരാധകർ. ദാനഗോളിന്റെ പിഴവിൽ വെടിയേറ്റുവീണ എസ്കോബാറിനെ ഫുട്ബോൾ ലോകം മറക്കില്ല.
കൊളംബസിന്റെ
കൊളംബിയ
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വടക്കുപടിഞ്ഞാറുള്ള രാജ്യമാണ് കൊളംബിയ. തെക്കേഅമേരിക്കൻ രാജ്യങ്ങളിൽ വലുപ്പംകൊണ്ട് നാലാം സ്ഥാനത്തും ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തും. കിഴക്ക് വെനസ്വേലയും ബ്രസീലും തെക്ക് ഇക്വഡോറും വടക്ക് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ കരീബിയൻ കടലും പടിഞ്ഞാറ് പസഫിക് സമുദ്രവും. അമേരിക്കൻ ഭൂഖണ്ഡത്തിലെ അധിനിവേശത്തിന് തുടക്കമിട്ട ഇറ്റാലിയൻ നായകൻ ക്രിസ്റ്റഫർ കൊളംബസിന്റെ പേരാണ് രാജ്യത്തിനു ലഭിച്ചത്.
അഭിനന്ദിച്ച് ലാറ്റിനമേരിക്ക
കൊളംബിയയിലെ ഇടതുപക്ഷ വിജയത്തിൽ അഭിനന്ദനവുമായി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. ചരിത്രപരമായ ജനകീയ വിജയമാണ് ഗുസ്താവോ പെത്രോയുടേതെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വെൽ ഡയസ് കാനെൽ പ്രതികരിച്ചു. ഇരുരാഷ്ട്രവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കണമെന്നും പറഞ്ഞു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും പെത്രോയെ അഭിനന്ദിച്ചു. സഹോദര രാജ്യത്ത് പുതിയ സമയത്തിന്റെ ഉദയമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ വിജയത്തോടെ കൊളംബിയൻ ജനതയുടെ മേലുണ്ടായിരുന്ന ശാപം നീങ്ങിയതായി മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെസ് മാനുവൽ ലോപസ് ഒബ്രദോർ പറഞ്ഞു. പുതിയ വെല്ലുവിളികൾ നേരിടാൻ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണമെന്നും ഇതിന് കൊളംബിയൻ തെരഞ്ഞെടുപ്പ് ഫലം പ്രചോദനമാകുമെന്നും ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് പറഞ്ഞു. ഹോണ്ടുറാസ് പ്രസിഡന്റ് ഷിയോമാറ കാസ്ട്രോയും പെത്രോയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ചു. അമേരിക്ക, അർജന്റീനിയ, ബൊളീവിയ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളും അഭിനന്ദിച്ചു.