കൊച്ചി
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ 28ന് വിധി പറയും. വിചാരണക്കോടതിയിലെ വാദം പൂർത്തിയായി. എട്ടാംപ്രതി ദിലീപ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. വീട്ടുജോലിക്കാരൻ ദാസൻ, മാപ്പുസാക്ഷി വിപിൻലാൽ എന്നിവരെ സ്വാധീനിക്കാൻ ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെ കേസുകൾ ദിലീപിനെതിരെയുണ്ട്. ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാഫലവും പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടുണ്ട്. ദിലീപ്, സഹോദരൻ അനൂപ്, സുഹൃത്ത് ശരത്, സഹോദരീ ഭർത്താവ് സുരാജ്, ഹൈദർ അലി എന്നിവരുടെ ശബ്ദസാമ്പിളുകൾ വീണ്ടും എടുക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകി.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് തെളിയിക്കാൻ വിവരങ്ങളോ തെളിവുകളോ പ്രോസിക്യൂഷന്റെ പക്കലില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷൻ പറയുന്ന സമയത്ത് ദിലീപ് ജയിലിലായിരുന്നു. ദാസനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും വാദിച്ചു.