ഹെൽസിങ്കി
ജാവലിൻത്രോയിൽ ഇന്ത്യയുടെ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയുടെ മറ്റൊരു മിന്നുംപ്രകടനം. ഫിൻലൻഡിൽ നടന്ന കൗർടാനെ ഗെയിംസിൽ നീരജ് സ്വർണം നേടി. 86.90 മീറ്റർ എറിഞ്ഞാണ് നീരജ് ചാമ്പ്യനായത്. ആദ്യശ്രമത്തിലായിരുന്നു ഈ പ്രകടനം. തുടർന്നുള്ള രണ്ട് ശ്രമങ്ങൾ ഫൗളിൽ കലാശിച്ചു. പ്രതികൂല കാലാവസ്ഥയായതിനാൽ പിന്നീട് നീരജ് എറിഞ്ഞില്ല. കഴിഞ്ഞയാഴ്ച നടന്ന പാവോ നൂർമി ഗെയിംസിൽ നീരജ് ദേശീയ റെക്കോഡ് തിരുത്തിയിരുന്നു.
മറ്റൊരു ഇന്ത്യൻതാരം സന്ദീപ് ചൗധരിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അവസാന സ്ഥാനത്തായി.
ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ കെഷോൺ വാൽകോട്ടിനാണ് (86.64) വെള്ളി. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് വെങ്കലവും നേടി (84.75).