തിരുവനന്തപുരം
അറിവിന്റെ ജനകീയ ഉത്സവമായ ദേശാഭിമാനി- അക്ഷരമുറ്റം ക്വിസ് പത്താം സീസൺ മെഗാ ഇവന്റ് ഞായറാഴ്ച. കേരള സർവകലാശാല സെനറ്റ് ഹാളിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അക്ഷരമുറ്റം അംബാസഡർ മോഹൻലാൽ മുഖ്യാതിഥിയാകും.
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒന്നും രണ്ടും സ്ഥാനം ലഭിച്ച മെഗാ വിജയികൾ സമ്മാനം ഏറ്റുവാങ്ങും. ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും മെമന്റോയുമാണ് സമ്മാനം. തുടർന്ന് ജോ ആൻഡ് സുദീപ് മ്യൂസിക്കൽ ബാൻഡിന്റെ കലാപരിപാടി അരങ്ങേറും. പ്രശസ്ത ഗായകരായ വിധു പ്രതാപ്, അരവിന്ദ് വേണുഗോപാൽ, ജ്യോത്സ്ന, ആര്യ ദയാൽ, നിത്യ മാമ്മൻ എന്നിവർ അരങ്ങിലെത്തും. ചലച്ചിത്രതാരങ്ങളായ ദിവ്യ പിള്ളയും ഗായത്രി സുരേഷും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും ഒ എൻ വി എഴുതിയ ദേശാഭിമാനി മുദ്രാഗാനത്തിന് കേരള കലാമണ്ഡലത്തിലെ നൃത്ത– -കഥകളി വിഭാഗം തയ്യാറാക്കിയ ജുഗൽബന്ദിയുമുണ്ടാകും.
ഐസിഎൽ ഫിൻകോർപ്, വെൻകോബ്, എടിഎം എന്നിവരാണ് അസോസിയറ്റ് സ്പോൺസർമാർ. ആംകോസ് പെയിന്റ്സ്, ഇഎംസി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, കൺസ്യൂമർ ഫെഡ്, രാജകുമാരി ഗ്രൂപ്പ് എന്നിവർ സഹസ്പോൺസർമാരുമാണ്. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, സംഘാടക സമിതി ചെയർമാൻ ആനാവൂർ നാഗപ്പൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.