കൊച്ചി
നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രമല്ല, അദ്ദേഹം രാജ്യത്തിനുനൽകിയ സംഭാവനകളെക്കുറിച്ചുകൂടിയാണ് “റോക്കറ്റ്ട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രമെന്ന് സംവിധായകനും നടനുമായ ആർ മാധവൻ. ചിത്രത്തിന്റെ വിശേഷങ്ങൾ വാർത്താസമ്മേളനത്തിൽ അദ്ദേഹം പങ്കുവച്ചു. തന്റെ ആദ്യസിനിമ ആരംഭിച്ചത് കേരളത്തിൽനിന്നാണെന്നും ഇപ്പോൾ ആദ്യ സംവിധാന സംരംഭത്തിലും മലയാളി സാന്നിധ്യമുണ്ടെന്നും മാധവൻ പറഞ്ഞു.
ജൂലൈ ഒന്നിന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. കാൻ മേളയിൽ പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിനുപുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ, ചൈനീസ്, റഷ്യൻ, ജപ്പാനീസ് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. നമ്പി നാരായണന്റെ 27 മുതൽ 70 വയസ്സുവരെയുള്ള ജീവിതമാണ് പ്രമേയം.
ട്രൈകളർ ഫിലിംസും വർഗീസ് മൂലൻ പിക്ചേഴ്സും ചേർന്നാണ് നിർമാണം. സിമ്രാനാണ് നായിക. 100 കോടി രൂപയ്ക്കുമുകളിലാണ് നിർമാണച്ചെലവ്. ഹിന്ദിയിൽ ഷാരൂഖ് ഖാൻ ചെയ്യുന്ന വേഷം തമിഴിൽ സൂര്യയാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞവർഷം റിലീസ് ചെയ്യാനിരുന്നത് കോവിഡിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രജേഷ് സെൻ സഹസംവിധായകനാണ്. ശ്രീഷ റായ് ആണ് ക്യാമറ. എഡിറ്റിങ് ബിജിത് ബാല, സംഗീതം സി എസ് സാം.