ന്യൂഡൽഹി
ഭീമ കൊറേഗാവ് കേസിൽ അറസ്റ്റുചെയ്ത മനുഷ്യാവകാശപ്രവർത്തകരുടെ കംപ്യൂട്ടറും ലാപ്ടോപ്പും ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ പൊലീസ് തിരുകിക്കയറ്റിയതായി യുഎസ് റിപ്പോർട്ട്. കവിയും പ്രക്ഷോഭകനുമായ വരവരറാവു, മലയാളികളായ ഡൽഹി സർവകലാശാല പ്രൊഫസര്‍ ഹനി ബാബു, മനുഷ്യാവകാശ പ്രവർത്തകൻ റോണ വിൽസൺ എന്നിവരുടെ ഇ മെയിലുകൾ ഹാക്ക് ചെയ്ത് തെളിവുകൾ തിരുകിക്കയറ്റാൻ പുണെ പൊലീസ് ഹാക്കിങ് ഏജന്‍സികളെ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. യുഎസ് ആസ്ഥാനമായ സൈബര്‍ സുരക്ഷാ ഏജന്‍സി സെന്റിനല്‍വണ്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
“മോഡിഫൈഡ് എലഫന്റ്’ എന്നു പേരിട്ട ഹാക്കിങ് പദ്ധതിയുടെ സഹായത്തോടെയാണ് പുണെ സിറ്റി പൊലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ കുടുക്കിയത്. നെറ്റ്വയര്, ഡാര്‍ക് കോമറ്റ് തുടങ്ങിയ മാല്‍വെയറുകള്‍ ഉപയോഗിച്ചാണ് ഹാക്കിങ്. ഇന്ത്യയിലെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ധൈഷണികരും ഇത്തരത്തിൽ ഹാക്കിങ്ങിന് വിധേയമായിട്ടുണ്ടെന്നും സെന്റിനല്‍വണിലെ സുരക്ഷാ ഗവേഷകനായ യുവാന്‍ ആന്‍ഡ്രെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ആഗസ്തില്‍ ലാസ് വെഗാസില്‍ നടക്കുന്ന ബ്ലാക് ഹാറ്റ് സുരക്ഷാ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഭീമ കൊറേഗാവ് കേസില്‍ 16 പേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇതില്‍ മിക്കവരും ഇപ്പോഴും ജയിലിലാണ്.
പ്രതികളിൽ ഏറ്റവും പ്രായംകൂടിയ ഫാ. സ്റ്റാൻ സ്വാമി കഴിഞ്ഞവർഷം കസ്റ്റഡിയിൽ മരിച്ചു. പെഗാസസ് ചരസോഫ്റ്റ് വെയര്‍ ഉപയോഗിച്ചും ഇവരുടെ വിവരം ചോര്‍ത്താന്‍ ശ്രമം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.