ന്യൂഡൽഹി
സൈനിക സേവനത്തെ കരാര്‍വല്‍കരിക്കുന്ന അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ തള്ളി പ്രക്ഷോഭം വ്യാപിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ തുടര്‍ച്ചയായ നാലാംദിനവും ആയിരങ്ങൾ തെരുവിലിറങ്ങി. നൂറുകണക്കിന് യുവജനങ്ങളെ കസ്റ്റഡിയിലെടുത്തു.
ആയിരക്കണക്കിനു പേർക്കെതിരെ കർശനവകുപ്പുകൾ ചുമത്തി കേസെടുത്തു. സുരക്ഷ ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം ചീഫ്സെക്രട്ടറിമാർക്ക് നിർദേശം നൽകി. 213 മെയിൽ/ എക്സ്പ്രസ് ട്രെയിനും 159 ലോക്കൽ ട്രെയിനും ഉൾപ്പെടെ 372 ട്രെയിൻ റദ്ദാക്കി. ബന്ദിൽ ബിഹാർ പൂർണമായും സ്തംഭിച്ചു. അവിടെ മാത്രം റെയിൽവേക്ക് 200 കോടിയിലേറെ രൂപയുടെ നാശനഷ്ടം.
● ബിഹാറിലെ തഹത് പൊലീസ് ഔട്ട്പോസ്റ്റിന് പുറത്ത് നിർത്തിയിട്ട ബസും ട്രക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ കത്തിച്ചു.18 ജില്ലയിൽ ഇന്റർനെറ്റ് റദ്ദാക്കി. ഒമ്പത് ജില്ലയിൽ സുരക്ഷ ശക്തമാക്കി. മസോഡിയിൽ റെയിൽവേ സ്റ്റേഷന് തീയിട്ടു
● പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ്കൗണ്ടറുകളും ഗ്ലാസ്പാനലുകളും അടിച്ചുപൊളിച്ചു
● ഹരിയാനയിലെ മഹേന്ദ്രഗഢ് റെയിൽവേസ്റ്റേഷന് സമീപം നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ടു. ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾക്ക് നിയന്ത്രണം
● രാജസ്ഥാനിൽ ജയ്പുർ, ജോധ്പുർ, ജുൻജുനു തുടങ്ങിയ ഇടങ്ങളിൽ വൻ പ്രതിഷേധം. അൽവാറിൽ ജയ്പുർ–-ഡൽഹി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
● പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിൽ റെയിൽഗതാഗതം സ്തംഭിച്ചു
● മധ്യപ്രദേശിലെ ഇൻഡോറിൽ വിമുക്തഭടൻമാരും പ്രതിഷേധവുമായി രംഗത്തെത്തി
● ഉത്തർപ്രദേശിൽ അഞ്ഞൂറോളം പേർക്കെതിരെ കേസ്. അലിഗഢിലെ ജട്ടാരിയിൽ പൊലീസ് സ്റ്റേഷനും വാഹനങ്ങളും കത്തിച്ചു
● ചെന്നൈ യുദ്ധസ്മാരകത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മുന്നൂറോളം പേർക്കെതിരെ കേസ്
● കർണാടകത്തിലെ ബെലഗവിയിലും ധാർവാഡിലും ലാത്തിച്ചാർജ്
● ബിഹാറിലെ ലക്കിസരായിയില്‍ വെള്ളിയാഴ്ച സംഘര്‍ഷത്തില്‍ പരിക്കേറ്റ ട്രെയിന്‍ യാത്രക്കാരന് മരിച്ചു
● തെലങ്കാനയിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട വാറങ്കൽ സ്വദേശി രാജേഷിന്റെ കുടുംബത്തിന് സംസ്ഥാനം 25 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു ● കേരളത്തിലും വൻ പ്രതിഷേധമുയർന്നു
● ബിഹാറിലെയും തെലങ്കാനയിലെയും ചില കോച്ചിങ് സെന്ററുകളുടെ ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
● പദ്ധതി രാജ്യസുരക്ഷയെ ബാധിക്കുമോയെന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി