തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയനു പിന്തുണയുമായി കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിച്ചു. ലോക കേരളസഭ തിരുവനന്തപുരത്ത് നടക്കുന്ന വേളയിലാണ് പ്രവാസി സംഘം പ്രകടനം നടത്തിയത്.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ,ഭാരവാഹികളായ പി സെയ്താലിക്കൂട്ടി ,ബാദുഷ കടലുണ്ടി ,ആർ ശ്രീകൃഷ്ണപിള്ള, സി കെ കൃഷ്ണദാസ്,പി കെ അബ്ദുള്ള ,സജീവൻ തെെക്കാട് , എംസി അബു, കെ വിജയകുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സെക്രട്ടറിയറ്റ് നടയിൽ ഐക്യദാർഢ്യ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി ടി കുഞ്ഞുമുഹമ്മദ് ഉൽഘാടനം ചെയ്തു.
പ്രവാസികൾക്ക് നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകുന്നത്. വ്യോമയാന ചട്ടങ്ങൾ ,മര്യാദകൾ എല്ലാം കാറ്റിൽ പറത്തിയാണ്കോൺഗ്രസ്സ് ആക്രമികൾ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്. ഇതിൽ പ്രവാസി സമൂഹത്തിന് പ്രതിഷേധമുണ്ട്. മാത്രമല്ല കേരളത്തിലെ പ്രതിപക്ഷവും ചില മാധ്യമങ്ങളും ഒരു കള്ളക്കടത്ത് കേസിലെ പ്രതിയുടെ പുലമ്പലുകൾ പ്രചരിപ്പിക്കുന്നു. ഗൾഫ് ഭരണാധികാരികളെ ആക്ഷേപിക്കുന്നത് പ്രവാസി മലയാളികൾക്ക് ദോഷകരമാണ് എന്ന് പ്രവാസി സംഘം നേതാക്കൾ പറയുന്നു.