കണ്ണൂർ
ഇ പി ജയരാജനെ ട്രെയിനിൽ വെടിവെച്ചതിനെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് ബി ആർ എം ഷെഫീറിന്റെ വെളിപ്പെടുത്തൽ കോൺഗ്രസിനുള്ള മറുപടി. ഇ പി ജയരാജനെ വെടിവച്ചുകൊല്ലാൻ വാടകഗുണ്ടകളെ അയച്ചത് കെ സുധാകരനാണെന്ന ആരോപണം സിപിഐ എം നേതാക്കളും പ്രവർത്തകരും രാഷ്ട്രീയവിരോധത്താൽ ഉന്നയിക്കുന്നതാണെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. എന്നാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ക്രൂരതയാണ് ഷെഫീർ ഒരിക്കൽക്കൂടി ഓർമപ്പെടുത്തിയത്. ഇതേകാര്യമാണ് അന്ന് കേരള പൊലീസും ആന്ധ്ര പൊലീസും കണ്ടെത്തിയതും. ഈ കേസിൽ സുധാകരന്റെ വാടകഗുണ്ട പേട്ട ദിനേശനെ ഹൈദരാബാദിലെ ഓംഗോൾ കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചു. സുധാകരനെതിരായ നടപടിയിൽ ഇനിയും അന്തിമതീർപ്പായിട്ടില്ല.
സിപിഐ എം ചണ്ഡീഗഢ് പാർടി കോൺഗ്രസ് കഴിഞ്ഞുമടങ്ങവെ രാജധാനി എക്സ്പ്രസിൽ 1995 ഏപ്രിൽ 12നാണ് ഇ പിയെ പേട്ട ദിനേശൻ വെടിവച്ചത്. രക്ഷപ്പെടാൻ വണ്ടിയിൽനിന്നു ചാടിയ ദിനേശനെ അന്നുതന്നെ പരിക്കുകളോടെ ആന്ധ്ര പൊലീസ് പിടികൂടി. മറ്റൊരു വണ്ടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച കൂട്ടുപ്രതി വിക്രംചാലിൽ ശശിയെ ചെന്നൈയിൽനിന്നാണ് പിടിച്ചത്. വിചാരണക്കാലത്ത് ശശി മരിച്ചു.
കെ സുധാകരനാണ് തങ്ങളെ അയച്ചതെന്ന് വിക്രംചാലിൽ ശശിയുടെ മൊഴിയിലുണ്ട്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ 95 മാർച്ച് 27 മുതൽ ഏപ്രിൽ ഒന്നുവരെ സുധാകരന്റെപേരിൽ മുറിയെടുത്താണ് ഗൂഢാലോചന നടത്തിയതെന്നും മൊഴിയിൽ പറയുന്നു. ഈ ദിവസങ്ങളിൽ തിരുവനന്തപുരത്തെ ശ്രീദേവി ടൂറിസ്റ്റ് ഹോമിൽ വിക്രംചാലിൽ ശശിയും പേട്ട ദിനേശനും താമസിച്ചു. ഇവർ മിക്കസമയവും തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചെലവിട്ടത്. കൊല നടത്താൻ തോക്ക് സംഘടിപ്പിച്ചതും കൊലയാളികൾക്ക് താമസമൊരുക്കിയതും പണം നൽകിയതും സുധാകരന്റെ മേൽനോട്ടത്തിലായിരുന്നു. അന്ന് സുധാകരനെ അറസ്റ്റുചെയ്ത് കൈമാറാൻ ആന്ധ്ര പൊലീസ് കേരള പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, കേസ് അട്ടിമറിക്കാനും ഉന്നതരായ പ്രതികളെ രക്ഷിക്കാനുമാണ് അന്നത്തെ യുഡിഎഫ് സർക്കാർ ശ്രമിച്ചത്. ആ സമയത്ത് പൊലീസ് രേഖയിൽ സുധാകരൻ പിടികിട്ടാപ്പുള്ളിയായി.