ന്യൂഡൽഹി
ഓഹരിവിപണിയിലെ പിഎഫ് നിക്ഷേപം 15ൽനിന്ന് 25 ശതമാനമാക്കി ഉയർത്താൻ ഇപിഎഫ്ഒ. ഫിനാൻസ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഓഡിറ്റ് കമ്മിറ്റി കഴിഞ്ഞമാസം വിഷയം ചർച്ച ചെയ്തിരുന്നു. ആദ്യം 20ഉം പിന്നീട് 25 ശതമാനവും ഉയർത്തും. ജൂലൈ എട്ടിനും ഒമ്പതിനും ബംഗളൂരുവിൽ ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാകും. തുടർന്ന് ധന–- തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് നൽകും.
ഡിജിറ്റൽ ശേഷി, സാമൂഹ്യ സുരക്ഷാ കോഡ്, പെൻഷൻ സംബന്ധമായ വിഷയം എന്നിവയിൽ രൂപീകരിച്ച നാല് സബ് കമ്മിറ്റിയുടെ റിപ്പോർട്ടും യോഗം പരിഗണിക്കുന്നുണ്ട്. ഈ മാസം 40 വർഷത്തെ ഏറ്റവും കുറഞ്ഞ പിഎഫ് പലിശ നിരക്കായ 8.1 ശതമാനം പ്രഖ്യാപിച്ചതിനു പുറമെയാണ് ഈ തീരുമാനവും. തൊഴിലാളികളുടെ പണം ഊഹക്കച്ചവടത്തിൽ നിക്ഷേപിക്കുന്നതിനെ ട്രേഡ് യൂണിയൻ തുടക്കംമുതൽ എതിർത്തിരുന്നു. വിപണിയിൽ തൊഴിലാളിക്ക് നഷ്ടമുണ്ടായാൽ സർക്കാർതന്നെ അത് നികത്തുമെന്ന പ്രഖ്യാപനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടുപോയി.