ചെന്നൈ
ഇന്റർസ്റ്റേറ്റ് അത്ലറ്റിക് മീറ്റിന്റെ അവസാനദിവസം കേരളത്തിന് ഒരു സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവും. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ എം പി ജാബിർ (49.76 സെക്കൻഡ്) സ്വർണം നേടി. വനിതകളിൽ തമിഴ്നാടിന്റെ വിദ്യ രാംരാജ് സ്വർണം കരസ്ഥമാക്കിയപ്പോൾ കേരളത്തിന്റെ ആർ അനു വെള്ളിയും ആർ ആരതി വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ ലോങ്ജമ്പിൽ 6.49 മീറ്റർ ചാടി ആൻസി സോജൻ വെള്ളി നേടി. ശ്രുതി ലക്ഷ്മിക്കാണ് (6.35) വെങ്കലം. അഞ്ജു ബോബി ജോർജിന്റെ ശിഷ്യയായ ഉത്തർപ്രദേശുകാരി ശൈലി സിങ് നാലാമതായി (6.26). മീറ്റിലെ താരമായി തിളങ്ങിയ കർണാടകയുടെ ബി ഐശ്വര്യ 6.60 മീറ്റർ ചാടി സ്വർണവും കോമൺവെൽത്ത് ഗെയിംസിനുള്ള യോഗ്യതയും ഉറപ്പാക്കി. ട്രിപ്പിൾ ജമ്പിൽ 14.14 മീറ്റർ ചാടി ഐശ്വര്യ ദേശീയ റെക്കോഡിട്ടിരുന്നു. കേരളത്തിന്റെ മയൂഖ ജോണി 2011ൽ സ്ഥാപിച്ച 13.72 മീറ്റർ മാഞ്ഞു.
കേരളത്തിന്റെ കുത്തകയായിരുന്ന 4×400 മീറ്റർ റിലേയിൽ ഇക്കുറി വെങ്കലം മാത്രം. ടി ജെ ജംഷീല, പി ഒ സയന, ലിനറ്റ് ജോർജ്, ആർ ആരതി എന്നിവർ ഉൾപ്പെട്ട ടീമാണ് മെഡൽ നേടിയത്. ഹരിയാന സ്വർണവും തമിഴ്നാട് വെള്ളിയും കരസ്ഥമാക്കി.
പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ അബ്ദുള്ള അബൂബക്കർ 17.14 മീറ്റർ ചാടി വെള്ളി നേടി. എൽദോസ് പോൾ മൂന്നാമതായി. തമിഴ്നാടിന്റെ പ്രവീൺ ചിത്രവേൽ 17.18 മീറ്ററിൽ മീറ്റ് റെക്കോഡിട്ടു. അസമിന്റെ അംലൻ ബോൾഗോഹെയ്ൻ 100, 200 മീറ്ററുകളിൽ ജയിച്ച് ഡബിൾ തികച്ചു. വനിതാ 200 മീറ്ററിൽ തമിഴ്നാടിന്റെ ധനലക്ഷ്മിക്കാണ് സ്വർണം.
അത്ലറ്റിക്സിൽ കേരളത്തിന്റെ തിരിച്ചടി വ്യക്തമാക്കുന്നതാണ് അഞ്ചു ദിവസത്തെ മീറ്റ്. മൂന്ന് സ്വർണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമാണ് ആകെ സമ്പാദ്യം.