കൊൽക്കത്ത
ഹോങ്കോങ്ങിനെ നാല് ഗോളിന് തകർത്ത് ഇന്ത്യ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിന് ആധികാരികമായി യോഗ്യത കുറിച്ചു. കൊൽക്കത്തയിൽ കളിക്ക് ഇറങ്ങുംമുമ്പെ ഇന്ത്യ യോഗ്യത ഉറപ്പാക്കിയിരുന്നു. ഹോങ്കോങ്ങിനെ തോൽപ്പിച്ചതോടെ ഗ്രൂപ്പ് ഡി ചാമ്പ്യൻമാരായി മുന്നേറി. ക്യാപ്റ്റൻ സുനിൽ ഛേത്രിയും അൻവർ അലിയും മൻവീർ സിങ്ങും ഇഷാൻ പണ്ഡിറ്റയും ഗോളടിച്ചു. 29 വർഷത്തിനുശേഷമാണ് ഹോങ്കോങ്ങിനെതിരെ ഇന്ത്യ ജയിക്കുന്നത്.
രാജ്യാന്തര ഫുട്ബോളിൽ 84 ഗോളായി ഛേത്രിക്ക്. ഹംഗേറിയൻ ഇതിഹാസം ഫെറെങ്ക് പുസ്കാസിനൊപ്പമെത്തി. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിക്കൊപ്പമെത്താൻ ഇനി രണ്ട് ഗോൾ മതി ഛേത്രിക്ക്. നിലവിൽ കളിക്കുന്നവരിൽ മെസിയും പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് മുന്നിൽ.
കളിക്കുമുമ്പ് ഹോങ്കോങ്ങിനുപിന്നിൽ ഇന്ത്യ രണ്ടാംസ്ഥാനത്തായിരുന്നു. ആറ് ഗ്രൂപ്പ് ചാമ്പ്യൻമാർക്കും മികച്ച അഞ്ച് രണ്ടാംസ്ഥാനക്കാർക്കുമാണ് യോഗ്യത. ഗ്രൂപ്പ് ബിയിൽ പലസ്തീൻ ഫിലിപ്പീൻസിനെ തകർത്തതോടെ ഇന്ത്യ ഉറപ്പാക്കി. പിന്നാലെ ഹോങ്കോങ്ങിനെ തകർത്ത് ആഘോഷമാക്കുകയും ചെയ്തു. ഒരു കളിയും തോൽക്കാതെയാണ് മുന്നേറ്റം.
തുടർച്ചയായ രണ്ടാംതവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിൽ കളിക്കാനെത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടം. കംബോഡിയയെയും അഫ്ഗാനിസ്ഥാനെയും തോൽപ്പിച്ചാണ് ഇഗർ സ്റ്റിമച്ചിന്റെ സംഘം ഹോങ്കോങ്ങിനെതിരെ ഇറങ്ങിയത്. മൂന്ന് കളിയിൽ നാല് ഗോളടിച്ച ഛേത്രി നയിച്ചു. ഹോങ്കോങ്ങിനെതിരെ കളി തുടങ്ങി രണ്ടാംമിനിറ്റിൽതന്നെ അൻവർ അലി ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാംപകുതിയിലായിരുന്നു ഛേത്രിയുടെ ഗോൾ. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും ആഷിഖ് കുരുണിയനും തകർപ്പൻ പ്രകടനം പുറത്തെടുത്തു.