വിശാഖപട്ടണം
പേസർമാരും സ്പിന്നർമാരും മത്സരിച്ച് പന്തെറിഞ്ഞതോടെ ഇന്ത്യക്ക് വിജയമൊരുങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റിൽ 48 റൺ ജയം. അഞ്ച് മത്സരപരമ്പരയിൽ ദക്ഷിണാഫ്രിക്ക 2–-1ന് മുന്നിലാണ്.
സ്കോർ: ഇന്ത്യ 5–-179, ദ.ആഫ്രിക്ക 131 (19.1)
പേസർ ഹർഷൽ പട്ടേൽ നാല് വിക്കറ്റെടുത്തപ്പോൾ സ്പിന്നർ യുശ്വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റ് നേടി. ഹർഷൽ 3.1 ഓവറിൽ 25 റൺ വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. ചഹാൽ നാല് ഓവറിൽ 20 റൺ വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് കീശയിലാക്കിയത്.
ക്യാപ്റ്റൻ ടെംബ ബവുമയെ (8) വീഴ്ത്തി അക്സർ പട്ടേൽ ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. മികച്ച ഫോമിലുള്ള ഭുവനേശ്വർ കുമാറും ആവേശ്ഖാനും കൃത്യമായി പന്തെറിഞ്ഞതോടെ ആഫ്രിക്ക തപ്പിത്തടഞ്ഞു. ഭുവനേശ്വറിന് ഒരു വിക്കറ്റുണ്ട്.
റീസ ഹെൻഡ്രിക്സും (23) ഡ്വെയ്ൻ പ്രിറ്റോറിയസും (20) പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകടകാരികളായ വാൻ ഡെർ ദുസെനെയും (1) ഡേവിഡ് മില്ലറേയും (3) വീഴ്ത്തി ഇന്ത്യ കളി പിടിച്ചു. കഴിഞ്ഞ കളിയിലെ താരമായ ഹെയ്ൻറിച്ച് ക്ലാസെൻ (29) ചഹാലിന്റെ പന്തിൽ വീണതോടെ ജയമുറപ്പിച്ചു.
ടോസ് നഷ്ടപ്പെട്ടെങ്കിലും മികച്ച തുടക്കമാണ് ഓപ്പണർമാർ ഇന്ത്യക്ക് നൽകിയത്. പതിവിനുവിപരീതമായി ഋതുരാജ് ഗെയ്ക്ക്വാദ് അടിച്ചുകളിച്ചു. ഋതുരാജും ഇഷാൻ കിഷനും ചേർന്ന് പത്താം ഓവറിൽ 97 റണ്ണടിച്ചു. 35 പന്തിൽ 57 റണ്ണെടുത്ത ഋതുരാജ് ഏഴ് ഫോറും രണ്ട് സിക്സറും കണ്ടെത്തി. ശ്രേയസ് അയ്യർ(14), ഋഷഭ് പന്ത് (6), ദിനേശ് കാർത്തിക് (6) തിളങ്ങിയില്ല. മൂന്നാം മത്സരത്തിൽ രണ്ടാം അർധ സെഞ്ചുറി നേടിയ ഇഷാൻ 35 പന്തിൽ 54 റണ്ണുമായി മടങ്ങി. അതിനിടെ, അഞ്ച് ഫോറും രണ്ട് സിക്സറുമടിച്ചു.
അവസാന അഞ്ച് ഓവറിൽ 41 റൺ നേടാനേ സാധിച്ചുള്ളൂ. ഒറ്റ റണ്ണിൽ നിൽക്കുമ്പോൾ പിടിയിലാകാതെ രക്ഷപ്പെട്ട ഹാർദിക് പാണ്ഡ്യ 21 പന്തിൽ 31 റണ്ണുമായി പുറത്താകാതെനിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി പ്രിറ്റോറിയസ് രണ്ട് വിക്കറ്റെടുത്തു. നാലാമത്തെ മത്സരം വെള്ളിയാഴ്ച രാജ്കോട്ടിലാണ്. അവസാനത്തേത് ഞായറാഴ്ച ബംഗളൂരുവിലും.