ന്യൂഡൽഹി
രാജ്യത്ത് മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 30 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. മേയിൽ 15.88 ശതമാനമെന്ന നിരക്കിലെത്തി. ഏപ്രിലിൽ 15.08 ശതമാനമായിരുന്നു . കഴിഞ്ഞ 14 മാസമായി വിലക്കയറ്റം 10 ശതമാനത്തിനു മുകളിൽ. കഴിഞ്ഞ വർഷം മേയിൽ 13.11 ശതമാനമായിരുന്നു. ചില്ലറവിപണിയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റത്തിൽ കഴിഞ്ഞ ദിവസം നേരിയ കുറവ് രേഖപ്പെടുത്തി. എന്നാൽ, മൊത്തവിൽപ്പന വിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വരുംമാസങ്ങളിലും ജനജീവിതം കൂടുതൽ ദുസ്സഹമാകും.
ഇന്ധന–- ഊർജ മേഖലയിലെ വിലക്കയറ്റം 40.62 ശതമാനമാണ്. ഭക്ഷ്യവസ്തുക്കളുടേത് 8.9 ശതമാനത്തിൽനിന്ന് 10.9 ശതമാനമായി ഉയർന്നു. പാചകവാതകത്തിന്റെ വിലവർധന 38.5 ശതമാനത്തിൽനിന്ന് 47.7 ശതമാനമായി ഉയർന്നു. പ്രാഥമിക ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം 19.71 ശതമാനമാണ്.