ഓസ്ട്രേലിയയിൽ വൈദ്യുതി ക്ഷാമം കടുത്ത പ്രതിസന്ധിക്ക് കാരണമാകുന്നതായി ഊർജജ മന്ത്രി ക്രിസ് ബവ്വൻ വ്യക്തമാക്കി. ക്വീൻസ്ലാന്റിലും NSWലും ലോഡ് ഷെഡിങ്ങിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വൈദ്യുതി ക്ഷാമത്തെ തുടർന്ന് ക്വീൻസ്ലാന്റിലും ന്യൂ സൗത്ത് വെയിൽസിലും വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകി.
ക്വീൻസ്ലാന്റിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒൻപത് വരെയും, ന്യൂ സൗത്ത് വെയിൽസിൽ വൈകിട്ട് അഞ്ചര മുതൽ എട്ടര വരെയുമാണ് വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളത്.
ഇരു സംസ്ഥാനങ്ങളിലും ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. വൈദ്യുതി നിരക്ക് ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്.
എന്നാൽ പ്രതിസന്ധി താത്കാലികമായി പരിഹരിച്ചതിനെ തുടർന്ന് തിങ്കളാഴ്ചത്തെ ബ്ലാക്കൗട്ട് ഒഴിവാക്കാൻ കഴിഞ്ഞു.
കുത്തനെയുള്ള വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ പല വൈദ്യുതി ഉത്പാദകരും വിപണിയിൽ നിന്ന് പിൻമാറിയതിനെ തുടർന്നായിരുന്നു ബ്ലാക്കൗട്ട് സാധ്യത.
എന്നാൽ ഓസ്ട്രേലിയൻ എനർജി റെഗുലേറ്റർ വിഷയത്തിൽ ഇടപെട്ടതോടെ, നഷ്ടത്തിലായാലും വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ധാരണയായെന്നാണ് റിപ്പോർട്ടുകൾ.
ഇതുവരെയുള്ള ബ്ലാക്കൗട്ടുകൾ ഒഴിവാക്കിയെങ്കിലും, തുടർന്നും പ്രതിസന്ധിയുണ്ടാകാമെന്ന് ഊർജ്ജമന്ത്രി ക്രിസ് ബവ്വൻ പറഞ്ഞു.
എത്രദിവസത്തേക്കുള്ള റിസർവ് വൈദ്യുതി ഉണ്ടെന്ന കാര്യം അധികൃതർ പരിശോധിക്കുന്നതായി ക്രിസ് ബവ്വൻ വ്യക്തമാക്കി.
കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങളിലെ തകരാറുകളും, വീടുകളിൽ തണുപ്പ് കാലത്തുള്ള അധികമായ വൈദ്യുതി ഉപയോഗവും സമ്മർദ്ദം കൂട്ടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില കൽക്കരി നിലയങ്ങളുടെ തകരാർ പ്രതീക്ഷിച്ചിരുന്നെങ്കിലും, ചിലത് അപ്രതീക്ഷിതമായിരുന്നതായി അധികൃതർ വ്യക്തമാക്കി.
മേഖലയിൽ ആവശ്യമായ പരിഷ്കാരങ്ങൾ പരിഗണിക്കുന്നതായി ഊർജ്ജമന്ത്രി പറഞ്ഞു.
വൈദ്യുതി ലഭ്യമാക്കുന്ന വിഷയത്തിൽ വെല്ലുവിളി നേരിടുന്നു എന്നത് യാഥാർത്ഥ്യമാണെന്ന് ക്രിസ് ബവ്വൻ ചാനൽ സെവനിനോട് വ്യക്തമാക്കി.
ലോഡ് ഷെഡിങ്ങും ബ്ളാക്കൗട്ടും ഇതുവരെ ഒഴിവാക്കാൻ കഴിഞ്ഞതായും, തുടർന്നും അത് കഴിയുമെന്നുള്ള പ്രതീക്ഷയുള്ളതായും ഊർജ്ജമന്ത്രി പറഞ്ഞു.
പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും, വീടുകളിൽ തണുപ്പ് കാലത്ത് ആവശ്യമായ ഹീറ്റിംഗ് സംവിധാനങ്ങളുടെ ഉപയോഗം ഒഴിവാക്കേണ്ട സാഹചര്യം ഇല്ലായെന്ന് എബിസിയോട് സംസാരിക്കുമ്പോൾ അദ്ദേഹം വ്യക്തമാക്കി.
കടപ്പാട്: SBS മലയാളം
To buy the heater >> Click here