കുവൈറ്റ്> മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് അക്രമ ശ്രമം നടന്നതിൽ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) പ്രതിഷേധിച്ചു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന ഇന്റിഗോ ഫ്ളൈറ്റിൽ യാത്ര ചെയ്യവെയാണ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ തയ്യാറായി മുന്നോട്ട് വന്നത്. ഒരുഭാഗത്ത് മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച് വിമർശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങൾക്കാണ് യുഡിഎഫും, ബിജെപിയും നേതൃത്വം നൽകുന്നത്.
വിമാനത്തിലെ സംഭവങ്ങൾ ഈ കാര്യത്തിന് അടിവരയിടുന്നു. ഒരുഭാഗത്ത് ജനാധിപത്യത്തെ സംബന്ധിച്ച് പ്രസംഗിക്കുകയും, മറുഭാഗത്ത് ബോധപൂർവ്വമായി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്ന നടപടിയാണ് കോൺഗ്രസ്സ് സ്വീകരിക്കുന്നത്. ഇത് ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. അതീവ ഗൗരവമുള്ള കുറ്റ കൃത്യമാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വിമാനത്തിൽ അരങ്ങേറിയത്. മുഖ്യമന്ത്രിയെ പോലും ഇല്ലാ കഥകളുണ്ടാക്കി ആക്രമിക്കാൻ ശ്രമിക്കുന്ന യുഡിഎഫിന്റെ നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്ന് ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കല കുവൈറ്റ് പ്രസിഡണ്ട് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.